ന്യൂഡൽഹി:ഡൽഹി ദീൻദയാൽ ഉപാദ്ധ്യായ മാർഗിന്റെ ഒരറ്റത്തുള്ള ഒറ്റനില കെട്ടിടമായ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് ഇന്നലെ രാവിലെ മുതൽ ജനക്കൂട്ടം ഇളകി മറിഞ്ഞു. ആപ്പ് ഹാട്രിക് വിജയം നേടിയതോടെ ആഘോഷ തിമിർപ്പിലായി നാടും നഗരവും.
ഇതേ റോഡിന്റെ മറ്റൊരു ഭാഗത്ത് ആഢംബര ഹോട്ടലിനെ വെല്ലുന്ന ബഹുനില ബി.ജെ.പി ആസ്ഥാനം ആളും ആരവവും ഒഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു. ആകെ ശോകമൂകം. ഡൽഹി തിരഞ്ഞെടുപ്പിന്റെ ഭൂപടത്തിൽ പോലും ഇടം നഷ്ടപ്പെട്ട കോൺഗ്രസ് ഓഫീസിലും ഇതേ സ്ഥിതിയായിരുന്നു.
വോട്ടെണ്ണൽ ആരംഭിക്കും മുൻപ് ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രത്യേക പ്രാർത്ഥനയും പൂജകളും നടന്നു.
ഫലപ്രഖ്യാപനത്തിന് മുമ്പേ ആഘോഷം തുടങ്ങി. ഡൽഹി നിവാസികൾ ആം ആദ്മി വിജയം പ്രതീക്ഷിച്ചതായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ 'കേജ്‌രിവാൾ' എന്നായിരുന്നു ഡൽഹി ജനത മന്ത്രിച്ചിരുന്നത്. കേജ്‌രിവാളിന് ഭരണത്തുടർച്ചയെന്ന് പരാമർശിച്ചുള്ള ഫ്ളക്‌സ് ബോർഡുകളും പാർട്ടി ഓഫീസ് പരിസരത്ത് ഉയർന്നിരുന്നു. 2024ൽ മോദിക്ക് എതിരാളി കേജ്‌രിവാൾ എന്നെഴുതിയ പോസ്റ്ററുകളുമായി ആം ആദ്‌മി പ്രവർത്തകർ പാർട്ടി ആസ്ഥാനം കൈയടക്കി.
വൈകിട്ട് കേജ്‌രിവാളും കുടംബവും സിസോദിയ അടക്കം എല്ലാ സ്ഥാനാർത്ഥികളും ആസ്ഥാനത്തെത്തി ജനങ്ങളെ അഭിസംബോധന ചെയ്‌തു. വിജയാഘോഷത്തിൽ തെരുവുകളിൽ റോഡ് ഷോയും നടത്തി.