ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കി വാക്കുപാലിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ആംആദ്മി പാർട്ടിയെയും ഡൽഹി ജനത വീണ്ടും ചരിത്രവിജയം നൽകി അധികാരത്തിലേറ്റി. ബി. ജെ. പിയുടെ ശക്തമായ ധ്രുവീകരണ ശ്രമങ്ങളെ തകർത്ത ആം ആദ്മി, 70ൽ 62 സീറ്റ് നേടിയാണ് മൂന്നാംവട്ടവും അധികാരം പിടിച്ചത്. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് മതി. എട്ടുമാസം മുൻപുനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആംആദ്മിയുടെ ഗംഭീര തിരിച്ചുവരവാണിത്.
കോൺഗ്രസിന്റെ ഷീല ദീക്ഷത്തിന് ശേഷം ഡൽഹിയിൽ മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവാണ് കേജ്‌രിവാൾ.
എട്ടുസീറ്റും ആറു ശതമാനം വോട്ടും നേടി ബി.ജെ.പി നില മെച്ചപ്പെടുത്തിയെങ്കിലും മോദിയെ മുൻനിറുത്തി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന പ്രചാരണം വിഫലമായത് തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോയ കോൺഗ്രസിന് ഇക്കുറിയും ഒറ്റ സീറ്റും ഇല്ല.
ന്യൂനപക്ഷ മേഖലകൾ ആം ആദ്മിക്കൊപ്പം നിന്നു. പടിഞ്ഞാറൻ ഡൽഹിയിൽ 16, കിഴക്കൻ ഡൽഹിയിൽ 11, ദക്ഷിണ ഡൽഹിയിൽ 10, വടക്കൻ ഡൽഹിയിൽ 15, മദ്ധ്യ ഡൽഹിയിൽ 10 എന്നിങ്ങനെയാണ് ആംആദ്മി നേടിയ സീറ്റുകൾ. വടക്കൻ ഡൽഹി ദക്ഷിണ ഡൽഹി എന്നിവിടങ്ങളിൽ ഓരോ സീറ്റും കിഴക്കൻ ഡൽഹിയിലെ ആറും സീറ്റുമാണ് ബി.ജെ.പിക്ക് ലഭിച്ചത്. അനധികൃത കോളനികൾ നിയമവിധേയമാക്കിയതാണ് കിഴക്കൻ ഡൽഹിയിൽ ബി.ജെ.പിക്ക് നേട്ടമായത്.
ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാൾ 21000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.
തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിറുത്തിയായിരുന്നു ആംആദ്മി മുന്നേറ്റം. ഇടയ്ക്ക് കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ വന്നു.
കേജ്‌രിവാൾ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ആംആദ്മിയുടെ മിക്ക പ്രമുഖരും വിജയിച്ചു. ഉപമുഖ്യമന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ പട്പർ ഗഞ്ച് മണ്ഡലത്തിൽ പലതവണ പിന്നിൽപോയത് തലവേദന സൃഷ്ടിച്ചു. ഒടുവിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബി.ജെ.പിയുടെ രവീന്ദ്രർ സിംഗ് നേഗിയെ 3207 വോട്ടിന് കീഴ്പ്പെടുത്തി. സ്പീക്കർ രാംനിവാസ് ഗോയലും ആപ്പിൻറെ വനിതാ മുഖങ്ങളിൽ പ്രമുഖയായ അതിഷി മെർലേനെയും പലതവണ പിന്നിൽപോയി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകൾ സമരം നടത്തുന്ന ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിൽ അരലക്ഷത്തിലേറെ വോട്ടിനാണ് ആംആദ്മിയുടെ അമാനത്തുള്ള ഖാൻ വിജയിച്ചത്.
കോൺഗ്രസിൽ കെട്ടിവച്ച കാശ് കിട്ടിയത് മൂന്നുപേർക്ക്
തുടർച്ചയായി 15 വർഷം ഭരിച്ച കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗവ്‌ലി, ദേവേന്ദർയാദവ്, അഭിഷേക് ദത്ത് എന്നിവർക്ക് മാത്രമേ കെട്ടിവച്ചപണം കിട്ടിയുള്ളൂ. 63 പേർക്ക് കെട്ടിവച്ച കാശുപോയി. മുൻകേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത്, ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര, പ്രചാരണ കമ്മിറ്റി ചെയർമാൻ കീർത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് തുടങ്ങിയ പ്രമുഖരെല്ലാം തോറ്റു.
ആംആദ്മി വിട്ട് കോൺഗ്രസിൽ ചേർന്ന സിറ്റിംഗ് എം.എൽ.എ അൽക്ക ലാംബ ചാന്ദ്നിചൗക്കിൽ ദയനീയമായി തോറ്റു. നാലായിരത്തോളം വോട്ട് മാത്രമാണ് കിട്ടിയത്. ആംആദ്മി സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് നേതാവുമായ പ്രലാദ് സിംഗ് സാഹ്നിയാണ് വിജയിച്ചത്. നാലുതവണ കോൺഗ്രസ് എം.എൽ.എയായിരുന്ന സാഹ്നിയെ 2015ൽ അൽക്കലാംബ തോൽപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആംആദ്മി വിട്ട് കോൺഗ്രസിൽ ചേർന്ന സിറ്റിംഗ് എം.എൽ.എ, മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചു മകൻ ആദർശ് ശാസ്ത്രി ദ്വാരകയിൽ തോറ്റു.
ആംആദ്മിക്ക് നഷ്ടം 5 സീറ്റ്
2015ൽ 67 സീറ്റ് ലഭിച്ച ആംആദ്മിക്ക് 5 സീറ്റ് നഷ്ടമായി. അതേസമയം ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ മുസ്തഫാബാദ് ആംആദ്മി പിടിച്ചു.
2017ലെ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായ അകാലിദളിന്റെ മൻജീന്ദർ സിംഗ് സിർസ വിജയിച്ച രൗജരി ഗാർഡനും ആംആദ്മി തിരിച്ചുപിടിച്ചു.
രോഹിണി, വിശ്വാസ് നഗർ മണ്ഡലങ്ങൾ ബി.ജെ.പി നിലനിറുത്തി.
വോട്ടുശതമാനം കൂടി
2015ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ആംആദ്മി -54.3 %
ബി.ജെ.പി- 32.1 %
കോൺഗ്രസ്- 9.7 %
2020 നിയമസഭ
ആംആദ്മി - 53.7%
ബി.ജെ.പി - 38.5 %
കോൺഗ്രസ്- 4.31%
2019 -ലോക്സഭാ തിരഞ്ഞെടുപ്പ്
ബി.ജെ.പി -56.6%
കോൺഗ്രസ്- 22.5 %
ആംആദ്മി 18 %
ആകെ സീറ്റ് - 70
2020
ആംആദ്മി - 62
ബി.ജെ.പി - 8
കോൺഗ്രസ് -0
2015
ആംആദ്മി - 67
ബി.ജെ.പി -3
കോൺഗ്രസ് - 0
'അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിക്കുന്നു. ഡൽഹിയിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു"
നരേന്ദ്ര മോദി
'തുടർ വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിന് അഭിനന്ദനം. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു"
രാഹുൽ ഗാന്ധി