ന്യൂഡൽഹി :രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹർജി തള്ളിയതിനെതിരെ നിർഭയ കേസിലെ പ്രതികളിൽ ഒരാളായ വിനയ് ശർമ സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിയമവഴികൾ തേടാൻ ഡൽഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയം ഇന്നലെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കവുമായി പ്രതി കോടതിയിലെത്തിയിരിക്കുന്നത്. ജയിലിലെ പീഡനങ്ങളെയും ജയിലറയിലെ ഏകാന്ത വാസവും മാനസിക നിലതെറ്റിച്ചതായും വിഷാദരോഗത്തിന് അടിമയാണെന്നും അതിനാൽ തന്നെ വധശിക്ഷയിൽ നിന്ന് രക്ഷിക്കണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച ചികിത്സാ രേഖകളും പ്രതി കോടതിയിൽ ഹാജരാക്കി.
ഇതിനിടെ നിർഭയ കേസിൽ മരണവാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി അറിയിച്ചു. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ നോട്ടീസ് അയയ്ക്കാനും ജസ്റ്റിസ് ആർ. ബാനുമതി അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയത്തിനുള്ളിൽ പ്രതികൾ നിയമപരിഹാര വഴികൾ തേടിയില്ല. ഇതുവരെയും ദയാഹർജി സമർപ്പിക്കാത്ത പ്രതി പവൻകുമാർ ഗുപ്തയെ അതിന് നിർബന്ധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ നിർഭയ കേസിൽ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ഹർജി അനവസരത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.