ന്യൂഡൽഹി: ബീഹാറിലെ മുസാഫർപൂർ ഷെൽട്ടർ ഹോം പീഡന കേസിലെ പ്രതിയായ ബീഹാർ പീപ്പിൾസ് പാർട്ടി മുൻ എം.എൽ.എ ബ്രജേഷ് ഠാക്കൂർ അടക്കം 10 പേർക്ക് ഡൽഹി അഡിഷണൽ സെഷൻസ് കോടതി മരണം വരെ തടവ് ശിക്ഷ വിധിച്ചു. പറഞ്ഞറിയിക്കാനാകാത്ത ക്രൂര പീഡനങ്ങൾക്ക് പെൺകുട്ടികളെ വിധേയരാക്കിയ കുറ്റവാളികൾക്ക് ജീവിതാവസാനം വരെ തടവ് വിധിക്കുന്നതായി കോടതി പറഞ്ഞു. പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്. 32 ലക്ഷം രൂപ പിഴയും ബ്രിജേഷിന് മേൽ കോടതി ചുമത്തി. പതിനെട്ട് പ്രതികളിൽ ബാക്കിയുള്ള ആറ് പേർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷയും ഒരാൾക്ക് ആറ് മാസത്തെ തടവും വിധിച്ചു. ഒരാളെ കോടതി വെറുതേ വിട്ടു. 18 പ്രതികൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം 20ന് കോടതി വിധിച്ചിരുന്നു.
സമൂഹത്തെ ഞെട്ടിച്ച പീഡന പരമ്പര
മുസാഫർപൂറിൽ സേവാ സങ്കൽപ് ഏവം വികാസ് സമിതി എന്ന എൻ.ജി.ഒയുടെ പേരിൽ സർക്കാർ ധനസഹായത്തോടെ നടത്തിയിരുന്ന വനിതാ ഷെൽട്ടർ ഹോമിലാണ് പീഡനം നടന്നത്. സ്ത്രീകളായ കെയർ ടേക്കർമാർ ഷെൽട്ടർ ഹോമിലെ 14 തികയാത്ത കുട്ടികൾക്ക് ബ്രിജേഷിന്റെ നിർദേശപ്രകാരം ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകും. മയങ്ങിക്കിടക്കുന്ന കുട്ടികളെ രാത്രിയിൽ അപരിചിതർ പീഡിപ്പിക്കും. ബ്രിജേഷ് അടക്കമുള്ള പ്രതികൾ ഇതിന് പണം വാങ്ങിയിരുന്നു. 2018ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് (ടിസ്) നടത്തിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലാണ് പീഡന വിവരം പുറത്തുവന്നത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സി.ബി.ഐയാണ് കേസ് അന്വേഷിച്ചതും ബ്രിജേഷ് ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതും.