manish-

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തോൽക്കുമോ?

വോട്ടെണ്ണൽ തുടങ്ങിയതു മുതൽ കേജ്‌രിവാൾ സർക്കാരിലെ രണ്ടാമനെ ചൊല്ലി ആംആദ്മി ക്യാമ്പിൽ കടുത്ത ആശങ്ക. ഒപ്പം കേജ്‌രിവാളിന്റെ വിശ്വസ്തരിലൊരാളായ അതിഷി മെർലേനയും ലീഡിൽ പലതവണ പിന്നിൽ പോയി. ആഘോഷങ്ങൾക്കിടയിലും ആശങ്കയുടെ മണിക്കൂറുകൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബി.ജെ.പിയുടെ യുവനേതാവ് രവീന്ദർ സിംഗ് നേഗിയെ 3207 വോട്ടിന് തോൽപ്പിച്ച് സിസോദിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക്.

2013 മുതൽ സിസോദിയ വിജയിക്കുന്ന പട്പട്ഗഞ്ച് മണ്ഡലത്തിൽ ബി.ജെ.പിയുടെ യുവനേതാവ് രവീന്ദർ സിംഗ് നേഗിയാണ് വെല്ലുവിളിയുയർത്തിയത്. 2015ൽ 28,791 വോട്ടുകൾക്കായിരുന്നു സിസോദിയയുടെ വിജയം. വിദ്യാഭ്യാസ രംഗത്ത് ഡൽഹിയിലുണ്ടായ മുന്നേറ്റമായിരുന്നു ആംആദ്മിയുടെ പ്രധാന പ്രചാരണ വിഷയം. അതിന്റെ നായകനായിരുന്നു സിസോദിയ. ആ സിസോദിയ തോറ്റാൽ ചരിത്രവിജയം മങ്ങിയേനെ.

ഉത്തരാഖണ്ഡിൽ നിന്നും മറ്റും കുടിയേറിയ സവർണവിഭാഗക്കാർക്ക് മുൻതൂക്കമുള്ള മണ്ഡലമാണ് പട്പട്ഗഞ്ച്. മലയാളികൾ ഏറെ താമസിക്കുന്ന മയൂർവിഹാർ ഉൾപ്പെടെയുള്ള പ്രദേശം ഈ മണ്ഡലത്തിലാണ്. ഷഹീൻബാഗിലെ സമരക്കാർക്കൊപ്പം സിസോദിയ പരസ്യമായി നിന്നിരുന്നു. ഇത് ഉപയോഗിച്ച് വോട്ട് ധ്രുവീകരിക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു.
സിസോദിയയുടെ ഉപദേശക ആയിരുന്ന അതിഷിക്കും വിജയം പ്രയാസമേറിയതായിരുന്നു. കൽക്കാജി മണ്ഡലത്തിൽ ഒരുഘട്ടത്തിൽ 6 വോട്ടിന്റെ മാത്രം ലീഡുണ്ടായിരുന്ന അതിഷി ഒടുവിൽ 11, 393 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഭോപ്പാൽ സ്വദേശിയായ അതിഷി സാമൂഹിക പ്രവർത്തനങ്ങളിലൂടെയാണ് ആപ്പിലെത്തുന്നത്. കിഴക്കൻ ഡൽഹി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച അതിഷി ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനോട് നാലുലക്ഷത്തോളം വോട്ടിന് തോറ്റിരുന്നു.