ന്യൂഡൽഹി : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ പൊതുസുരക്ഷാ നിയമ പ്രകാരം വീട്ടുതടങ്കലിൽ വച്ചിരിക്കുന്നതിന് എതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എം. ശാന്തനഗൗഡർ പിന്മാറി. ജസ്റ്റിസുമാരായ എൻ.വി. രമണ, ശാന്തനഗൗഡർ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുന്നിൽ ഹർജിയിൽ ഇന്നലെ വാദം തുടങ്ങാനിരിക്കെയാണ് യാതൊരു കാരണവും വ്യക്തമാക്കാതെ ശാന്തനഗൗഡർ പിൻമാറിയത്. ശാന്തഗൗഡർ ഇല്ലാത്ത മറ്റൊരു സുപ്രീം കോടതി ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും ഒമറിന്റെ അഭിഭാഷകനായ കപിൽ സിബൽ ഇന്ന് കേസ് വാദിക്കുന്നതിൽ അസൗകര്യമുണ്ടെന്ന് അറിയിച്ചതോടെ കേസിന്റെ വാദം നാളേക്ക് മാറ്റി. വാദം കേൾക്കുന്നതിനായി സാറ ഇന്നലെ സുപ്രീം കോടതിയിലെത്തിയിരുന്നു.
നിയമവിരുദ്ധ തടവിൽ കോടതി ഇടപെടണമെന്നും സുപ്രീംകോടതി അടിയന്തര വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് സാറ കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചത്. ജമ്മു കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ആഗസ്റ്റ് അഞ്ച് മുതൽ മുൻ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും വീട്ടു തടങ്കലിലാണ്. ഒമറിന്റെയും മെഹബൂബ മുഫ്തിയുടെയും പേരിൽ കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാ നിയമം ചുമത്തിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വർഷം വരെ തടങ്കലിലാക്കാൻ സാധിക്കും. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റിന്റെ ഭാര്യയാണ് സാറ പൈലറ്റ്.