pc-chacko

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൽഹിയുടെ പാർട്ടി ചുമതലകളിൽ നിന്നുള്ള രാജിക്കത്ത് പി.സി.ചാക്കോ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകി. രാജിക്കാര്യം പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൽഹി പി.സി.സി അദ്ധ്യക്ഷൻ സുബാഷ് ചോപ്ര കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

മുൻ എം.പിയായ പി.സി.ചാക്കോയ്‌ക്ക് 2014ലാണ് ഡൽഹിയുടെ ചുമതല പാർട്ടി നൽകിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും പാർട്ടി തോറ്റതിനെ തുടർന്ന് അദ്ദേഹം രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തുടരാൻ ഹൈക്കമാൻഡ് ആവശ്യപ്പെടുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഡൽഹി ചുമതലകൾ വിട്ട് കേരളത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള താത്പര്യം ചാക്കോ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുമുണ്ട്.

കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ആംആദ്‌മി പാർട്ടിയിലേക്ക് പോയെന്നും അതു തിരിച്ചുപിടിക്കാൻ ഈ തിരഞ്ഞെടുപ്പിലും സാധിച്ചില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. അന്തരിച്ച ഷീലാദീക്ഷിതിന്റെ തെറ്റായ നയങ്ങളാണ് പാർട്ടിക്ക് ഡൽഹിയിൽ തിരിച്ചടിയായതെന്ന് ചാക്കോ നേരത്തെ ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ആംആദ്‌മിയുമായി സഖ്യമുണ്ടാക്കാനുള്ള പി.സി. ചാക്കോയുടെ നീക്കങ്ങൾക്ക് ഷീലാ ദീക്ഷിതാണ് എതിര് നിന്നത്. ഇരുവരും തമ്മിലുള്ള ഭിന്നത പലപ്പോഴും മറനീക്കി പുറത്തുവരികയും ചെയ്‌തു. ഡൽഹി പ്രചാരണ കമ്മിറ്റി അദ്ധ്യക്ഷൻ കീർത്തി ആസാദുമായും പി.സി. ചാക്കോയ്ക്ക് ഒത്തുപോകാൻ സാധിച്ചില്ല.