ന്യൂഡൽഹി: ഡൽഹിയിൽ മൂന്നാമതും അധികാരത്തിലെത്തിയ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ 16ന് രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേജ്രിവാൾ ഇന്നലെ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടി എം.എൽ.എമാർ യോഗം ചേർന്ന് കേജ്രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
2015ലേത് പോലെ ഡൽഹി രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങിയവരെ ക്ഷണിക്കും. കേജ്രിവാളിനൊപ്പം 6 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
അതിഷി വരുമോ?
കൽക്കാജി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷി മെർലെനയെ മൂന്നാം കേജ്രിവാൾ മന്ത്രിസഭയിലെ വനിതാ അംഗമായി ഉൾപ്പെടുത്തുമെന്ന് ചർച്ച ഉണ്ടായെങ്കിലും കേജ്രിവാൾ പഴയ ടീമിനെ തന്നെ നിലനിറുത്തുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ഉപദേശകയായി ആംആദ്മി സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് ചുക്കാൻ പിടിച്ചിരുന്ന അതിഷിക്ക് വിദ്യാഭ്യാസ വകുപ്പ് നൽകുമെന്നായിരുന്നു സൂചനകൾ. കേന്ദ്ര സർക്കാർ ഇടപെട്ട് ഉപദേശക പദവിയിൽ നിന്ന് പുറത്താക്കിയെങ്കിലും ഡൽഹി സ്കൂളുകളുടെ നിലവാരം വർദ്ധിപ്പിക്കുന്ന നടപടികളും കുട്ടികളുടെ പഠന നിലവാരം കൂട്ടാനുള്ള 2016 ചുനൗത്തി പദ്ധതിയും നടപ്പാക്കിയത് അതിഷിയാണ്. യുവ നേതാവ് രാഘവ് ചദ്ദ, ഓഖ്ലയിൽ വൻഭൂരിപക്ഷം നേടിയ അമ്മാനുള്ളഖാൻ തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്.
രാജിക്ക് തയ്യാറായി മനോജ് തിവാരി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 8 സീറ്റിൽ ഒതുങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പാർട്ടി നിരാകരിച്ചു. അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആവശ്യപ്പെട്ടെന്നാണ് വിവരം. രാജി വാർത്ത മനോജ് തിവാരിയും നിഷേധിച്ചു.