ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി, നാഷണൽ ഇൻഷ്വറൻസ് കമ്പനി, യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനി എന്നിവയെ സഹായിക്കാനുള്ള 2500 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കമ്പനികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണിത്.

രാസവളങ്ങളും കീടനാശിനികളും വിൽക്കുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന പെസ്‌റ്റിസൈഡ് മാനേജ്‌മെന്റ് ഭേദഗതി ബില്ലിനും മന്ത്രിസഭായോഗം അനുമതി നൽകി. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എല്ലാ കീടനാശിനികളുടെയും രാസവളങ്ങളുടെയും വിവരങ്ങൾ കർഷകർക്ക് പ്രാദേശിക ഭാഷകളിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഗുണനിലവാരം മോശമായാൽ നിർമ്മാതാക്കളിൽ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. പിഴയായി ലഭിക്കുന്ന പണം ഉപയോഗിച്ച് കേന്ദ്ര ഫണ്ട് രൂപീകരിക്കും.

തുറമുഖങ്ങളുടെ പ്രവർത്തനവും വികസനവും ലക്ഷ്യമിടുന്ന മേജർ പോർട്ട് ട്രസ്‌റ്റ് ഭേദഗതി നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. 1963ലെ പഴയ നിയമം 12 പൊതുമേഖലാ തുറമുഖങ്ങൾക്ക് മാത്രമുള്ളതാണ്. പിന്നീടു വന്ന പി.പി.പി മാതൃകയിലുള്ള സ്വകാര്യ തുറമുഖങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള തുറമുഖങ്ങൾക്കും വേണ്ടിയാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ഹൻസുഖ് മാണ്ഡവ്യ വിശദീകരിച്ചു.