ന്യൂഡൽഹി: നാവിക സേനയ്‌ക്കും കരസേനയ്‌ക്കുമായി അമേരിക്കയിൽ നിന്ന് 30 അത്യാധുനിക സായുധ ഹെലികോപ്ടറുകൾ വാങ്ങാനുള്ള 25,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അന്തിമരൂപമായി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 24,25 തീയതികളിൽ ഇന്ത്യാ സന്ദർശിക്കുമ്പോൾ കരാർ ഒപ്പിടുമെന്നാണ് കരുതുന്നത്. അടുത്തയാഴ്‌ച ചേരുന്ന മന്ത്രിതല സുരക്ഷാസമിതി ഇടപാടിന് അംഗീകാരം നൽകും.
കേം ചോ ട്രംപ്
അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡിക്ക് സമാനമായി ഗുജറാത്തിലെ അഹമ്മദാബാദിൽ
'കേം ചോ ട്രംപ്" (ഗുജറാത്തി ഭാഷയിൽ എങ്ങനെയുണ്ട് ട്രംപ് (how are you) എന്ന് ഗുജറാത്തി ഭാഷയിൽ അഭിസംബോധന ചെയ്യുന്നത് ) എന്ന പേരിൽ വമ്പൻ സ്വാഗതസമ്മേളനമാണ് ട്രംപിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഹൗഡി മോദിയിൽ 50,000 പേർ പങ്കെടുത്തിരുന്നു. കേം ചോ ട്രംപിൽ ഒരുലക്ഷത്തിലധികം പേർ പങ്കെടുക്കും.
പുതുതായി നിർമ്മിച്ച സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുക. മോദിയും ട്രംപും ചേർന്ന് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.1.10 ലക്ഷം ആളുകളെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്.
അഹമ്മദാബാദ് വിമാനത്താവളം മുതൽ സബർമതി ആശ്രമം വരെയുള്ള 10 കിലോമീറ്റർ പാതയിൽ റോഡ് ഷോയിലും അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കും. മഹാത്മാഗാന്ധിയുടെ താമസ സ്ഥലമായിരുന്ന സബർമതി ആശ്രമവും സന്ദർശിക്കും.
ആവേശഭരിതയായി മെലാനിയ
ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പത്‌നി മെലാനിയ ട്രംപ് ട്വീറ്റ് ചെയ്തു. തങ്ങൾ ഇരുവരും അങ്ങേയറ്റം ആവേശഭരിതരായി സന്ദർശനത്തിനൊരുങ്ങുകയാണെന്നും മെലാനിയ ട്വിറ്ററിൽ കുറിച്ചു.
നാവിക സേനയ്‌ക്ക്
260 കോടി ഡോളറിന്റെ ( 18,400 കോടി രൂപ ) എം.എച്ച് റോമിയോ ഹെലികോപ്‌ടറുകൾ 24 എണ്ണം വാങ്ങും.
ഇന്ത്യ 15ശതമാനം തുക ആദ്യം നൽകും.
രണ്ടു വർഷത്തിനുള്ളിൽ കോപ്‌ടറുകൾ ഇന്ത്യയിലെത്തും.
കോപ്റ്ററുകളിൽ ഹെൽഫയർ മിസൈലുകളും ടോർപിഡോകളും റോക്കറ്റുകളും ഘടിപ്പിക്കും
അഞ്ചു വർഷത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും.
കരസേനയ്‌ക്ക്
93 കോടി ഡോളറിന്റെ ( 6,600 കോടി രൂപ ) ആറ് എ. എച്ച്. 64ഇ അപ്പാച്ചെ ഹെലികോപ്‌ടറുകൾ വാങ്ങും
2015ലെ 22 ഹെലികോപ്‌ടർ ഇടപാടിന്റെ ഭാഗം.
ആകാശത്തു നിന്ന് ആകാശത്തേക്കും കരയിലേക്കും തൊടുക്കാവുന്ന മിസൈലുകളും തോക്കുകളും റോക്കറ്റുകളും ഘടിപ്പിച്ചത്.
മൂന്നു വർഷത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും.