sc

ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലവും അവരെ മത്സരിപ്പിക്കാനുള്ല കാരണവും രാഷ്ട്രീയപാർട്ടികൾ പത്രങ്ങളിലും അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സ്ഥാനാർത്ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനകം വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച്, ഇക്കാര്യം 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കണം. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ ജയസാദ്ധ്യത മാത്രം പാർട്ടികൾ പരിഗണിച്ചാൽ പോരെന്ന് ജസ്റ്റിസ്മാരായ രോഹിൻറൺ നരിമാൻ, രവീന്ദ്രബട്ട് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സ്ഥാനാർത്ഥികൾ അവരുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന 2018 സെപ്തംബറിലെ സുപ്രീംകോടതി വിധി പൂർണമായും നടപ്പാക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാദ്ധ്യായ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കാൻ പാർലമെൻറ് നിയമം കൊണ്ടുവരണമെന്നും 2018ലെ വിധിയിൽ നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകരുതെന്ന് രാഷ്ട്രീയപാർട്ടികളോട് നിർദ്ദേശിക്കണമെന്നായിരുന്നുഹർജി പരിഗണിക്കവെ തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ ആവശ്യപ്പെ ട്ടത്. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം വർദ്ധിക്കുന്നതായി കഴിഞ്ഞ നാലു പൊതുതിരഞ്ഞെടുപ്പിലെ കണക്കുകൾ നിരീക്ഷിച്ച് കോടതി ചൂണ്ടിക്കാട്ടി.

2004 ൽ എം.പിമാരിൽ 24 ശതമാനത്തിനെതിരെ ക്രിമിനൽ കേസുണ്ടായിരുന്നു.

2009 ൽ ഇത് 30 ശതമാനമായും 2014 ൽ 34 ശതമാനമായും 2019 ൽ 43 ശതമാനമാനമായും ഉയർന്നു.

ക്രിമിനൽ കേസുള്ളവരെ എന്തിനാണ് മത്സരിപ്പിക്കുന്നതെന്ന് പാർട്ടികൾ വിശദീകരിക്കാറില്ല. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുകയെന്ന രാജ്യതാത്പര്യവും പൊതുതാത്പര്യവും പരിഗണിച്ചാണ് നിർദ്ദേശങ്ങളെന്നും ബെഞ്ച് വ്യക്തമാക്കി.

പാലിക്കേണ്ട 6 നിർദ്ദേശങ്ങൾ

1- പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വിശദമായി പ്രസിദ്ധീകരിക്കണം. കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റം ചുമത്തിയോ, കേസ് നമ്പർ, കോടതി വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം. എന്തുകൊണ്ടാണ് ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കിയത്, കേസില്ലാത്തവരെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കിയില്ല എന്നിവയും വ്യക്തമാക്കണം.

2-മത്സരിപ്പിക്കാൻ കാരണം വെറും ജയസാദ്ധ്യതയല്ല. അവരുടെ യോഗ്യത, നേട്ടങ്ങൾ ,മെറിറ്റ് തുടങ്ങിയവ വിശദീകരിക്കണം

3- ഒരു പ്രാദേശിക ദിനപത്രത്തിലും ഒരു ദേശീയ ദിനപത്രത്തിലും ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള പാർട്ടികളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കണം

4-പ്രസിദ്ധാീകരിക്കേണ്ടത് സ്ഥാനാർത്ഥിയെ നിശ്‌ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് രണ്ടാഴ്ചമുൻപോ, ഏതാണോ ആദ്യം അന്ന്.

5- വിവരങ്ങൾ പ്രസിദ്ധീകരിച്ച് 72 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകണം.

6- ഈ നിർദ്ദേശം നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി.