ന്യൂഡൽഹി: നിർഭയ കേസിൽ രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശർമ്മ നൽകിയ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിധി പറയും.
വിനയ് ശർമ്മയെ നിയമവിരുദ്ധമായി തടവിൽവച്ച് തിഹാർ ജയിലിൽ പീഡിപ്പിച്ചെന്ന് വാദത്തിനിടെ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു.അതേസമയം ഈ വാദം സോളിസിറ്റർ ജനറൽ തുഷാർമേത്ത എതിർത്തു.
ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നൽകിയ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
അതേസമയം ശിക്ഷ നടപ്പാക്കുന്നത് നീളുന്ന പശ്ചാത്തലത്തിൽ നാലുപ്രതികളുടെയും ശിക്ഷ വെവ്വേറ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഈ ഹർജിയിൽ പ്രതി പവൻ ഗുപ്തയെ പ്രതിനിധീകരിക്കാൻ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശിനെ ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് നിയമിച്ചു.
നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി ഉടൻ ആവശ്യപ്പെട്ട് നിർഭയയുടെ അച്ഛനും അമ്മയും നൽകിയ ഹർജി ഡൽഹി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രതി പവൻഗുപ്ത അഭിഭാഷകനെ മാറ്റിയ പശ്ചാത്തലത്തിലാണ് നടപടി. അഡ്വ.രവി ഖ്വാസിയെ പവൻ ഗുപതയുടെ പുതിയ അഭിഭാഷകനായി പാട്യാല കോടതി നിയമിച്ചു.