justice-bhanumati

ന്യൂഡൽഹി: നിർഭയ കേസിലെ വാദത്തിനിടെ ജസ്റ്റിസ് ആർ. ഭാനുമതി കോടതി മുറിയിലെ കസേരയിൽ തളർന്നുവീണു. ഉച്ചയ്‌ക്ക് 2.25 ഓടെയാണ് സംഭവം.

ദയാഹർജി രാഷ്‌ട്രപതി നിരസിച്ചതിനെതിരായ പ്രതി വിനയ് ശർമ്മയുടെ ഹർജി തള്ളിയശേഷം, പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണം എന്ന കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതിനിടെ പുതിയ മരണ വാറണ്ട് പുറപ്പടുവിക്കണം എന്ന ഹർജി തിങ്കളാഴ്ച പട്യാല ഹൗസ് കോടതി പരിഗണിക്കുമെന്ന് വാദം വന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഹർജി 20ന് മാറ്റാൻ തീരുമാനിച്ചു. ഈ ഉത്തരവിന്റെ ആദ്യ രണ്ടുവരി വായിച്ച ജസ്റ്റിസ് ഭാനുമതി, ബാക്കി വായിക്കാൻ ജസ്റ്റിസ് അശോക് ഭൂഷണിനോട് ആവശ്യപ്പെട്ടു.

അശോക് ഭൂഷൺ ഉത്തരവ് വായിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞു വീഴുകയായിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവർ ചേർന്ന് ഭാനുമതിയെ കസേരയിൽ താങ്ങിയിരുത്തി. ഇതിനിടയിൽ അവർ കണ്ണുതുറന്നു. കോടതി ജീവനക്കാരും ജസ്റ്റിസുമാരും ചേർന്ന് ഭാനുമതിയെ ചേംബറിലേക്ക് കൊണ്ട് പോയി. ഉത്തരവ് പിന്നീട് ഇറക്കാമെന്ന് ജസ്റ്റിസ് ബൊപ്പണ്ണ അറിയിച്ചു.

ജസ്റ്റിസ് ഭാനുമതിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിന്നീട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. രണ്ട് ദിവസമായി കടുത്തപനിക്ക് മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണമാണെന്നും അദ്ദേഹം വ്യക്തമാക്കി.