ന്യൂഡൽഹി: ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയിൽ ജമ്മു കാശ്‌മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച് രണ്ടിന് പരിഗണിക്കാനായി മാറ്റി.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്ന് സാറ പൈലറ്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ വാദിച്ചു. ഒമർ അബ്ദുള്ളയെ എത്രയും വേഗം മോചിപ്പിക്കണമെന്നും ഹർജിയിൽ നേരത്തെ തന്നെ വാദം കേൾക്കണമെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ 'ഇത്രയും കാലം കാത്തിരിക്കാമെങ്കിൽ ഒരു സഹോദരിക്ക് എന്തുകൊണ്ട് 15 ദിവസം കൂടി ക്ഷമിച്ചുകൂടാ' എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണം.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ആഗസ്റ്റ് അഞ്ച് മുതൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും വീട്ടു തടങ്കലിലാണ്. ഒമറിന്റെയും മെഹബൂബ മുഫ്തിയുടെയും പേരിൽ കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാനിയമം ചുമത്തിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വർഷം വരെ തടങ്കലിലാക്കാം. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റിന്റെ ഭാര്യയാണ് സാറ പൈലറ്റ്.