ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷയനുഭവിക്കുന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സജ്ജൻകുമാറിന് ഇടക്കാല ജാമ്യമില്ല. ജാമ്യാപേക്ഷ അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കില്ല. ഹർജി സുപ്രീംകോടതിയുടെ വെക്കേഷൻ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആർ. ഗവായി, സൂര്യകാന്ത് എന്നിവർ വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള വിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ട വിശാലബെഞ്ചിലെ വാദം കഴിഞ്ഞശേഷം സജ്ജൻകുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസിലെ റിപ്പോർട്ട് പരിശോധിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
1984ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം ഡൽഹിയിൽ അരങ്ങേറിയ സിക്ക് വിരുദ്ധ കലാപത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി ഹൈക്കോടതി സജ്ജൻകുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംശയത്തിന്റെ ആനുകൂല്യം നൽകി സജ്ജൻകുമാറിനെ വെറുതേവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണിത്. സിക്ക് കലാപത്തിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസിന്റെ ആദ്യ പ്രധാന നേതാവാണ് സജ്ജൻകുമാർ.