telecom-

ന്യൂഡൽഹി സ്‌പെക്ട്രം, ലൈസൻസ് ഫീസ് കുടിശികയായ ഒന്നരലക്ഷത്തോളം കോടി രൂപ അടയ്‌ക്കണമെന്ന തങ്ങളുടെ വിധി അട്ടിമറിക്കാൻ ടെലികോം കമ്പനികളും കേന്ദ്രസർക്കാരും ശ്രമിച്ചതിനെതിരെ സുപ്രീംകോടതി പൊട്ടിത്തെറിച്ചു.

ടെലികോം കമ്പനികളെയും ടെലികോം വകുപ്പിനെയും മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷൻ ജസ്റ്റിസ് അരുൺ മിശ്ര അതിരൂക്ഷമായി വിമർശിച്ചു. കോർട്ടലക്ഷ്യത്തിന് നോട്ടീസും അയച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് മിശ്ര, സുപ്രീംകോടതി ഉത്തരവ് മരവിപ്പിച്ച ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും ഉത്തരവിട്ടു. അടുത്ത മാസം 17ന് മുൻപ് കുടിശിക അടയ്‌ക്കണം. ടെലികോം കമ്പനികളുടെ എം.ഡിമാർ അന്ന് ഹാജരാകണം. ഇല്ലെങ്കിൽ കോർട്ടലക്ഷ്യ നടപടി ഉണ്ടാവും.

ഇതേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ മുഖം രക്ഷിക്കാൻ, കോടതി ഉത്തരവ് മരവിപ്പിച്ച് ജനുവരി 23ന് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെത്തന്നെ പിൻവലിച്ചു. കൂടാതെ, ഇന്നലെ (15ന് ) അർദ്ധരാത്രി 11.59നകം കുടിശിക അടയ്‌ക്കണം എന്ന് എയർടെൽ, വോഡഫോൺ കമ്പനികൾക്ക് മന്ത്രാലയം അന്ത്യശാസനവും നൽകി.

പൊട്ടിത്തെറിച്ച് കോടതി

'സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഒരു രൂപ പോലും ടെലികോം കമ്പനികൾ അടച്ചില്ല. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് ? വിധി നടപ്പാക്കുന്നില്ലെങ്കിൽ സുപ്രീംകോടതി അടച്ചുപൂട്ടാം. അഴിമതി ഇല്ലാതാക്കാനാണ് കോടതി ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെ ഉദ്യോഗസ്ഥർ തന്നെ നിന്നാൽ എങ്ങനെ നിയമം സംരക്ഷിക്കപ്പെടും? സുപ്രീം കോടതിക്ക് ഒരു വിലയുമില്ലേ? കുടിശിക പിരിക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണ്. പണം ഈടാക്കാൻ കേന്ദ്രം എന്ത് ചെയ്‌തു? കോടതി വിധി മരവിപ്പിച്ച അസംബന്ധം കാട്ടിയ ഡെസ്‌ക് ഓഫീസർ ആരാണ്? താനാണ് സുപ്രീംകോടതിയെന്നാണോ അയാളുടെ ഭാവം? ഇത് നൂറ് ശതമാനം കോർട്ടലക്ഷ്യമാണ്. അയാളുടെ നടപടി ഞെട്ടിക്കുന്നതാണ്. നിങ്ങളുടെ ഡസ്‌ക് ഓഫീസർ ഒരു മണിക്കൂറിനകം, അല്ല, മുപ്പത് മിനിറ്റിനകം ആ കത്ത് പിൻവലിച്ചില്ലെങ്കിൽ ഇന്ന് തന്നെ അയാളെ ജയിലിൽ അടയ്‌ക്കും. ആ കത്ത് ഉടൻ പിൻവലിക്കണം. അയാളെ ഞങ്ങൾക്ക് ഇവിടെ വേണം - രോഷം കൊണ്ട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് മിശ്ര പറഞ്ഞു.

കോടതിയോട് ബഹുമാനമുണ്ടെന്നും അങ്ങയുടെ ദയ ഞങ്ങൾക്കറിയാം എന്നും പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിക്കാൻ സോളിസിറ്റർ ജനറൽ ശ്രമിച്ചു. ഒരക്ഷരം പറയരുതെന്നും ഡെസ്‌ക് ഓഫീസറെ ന്യായീകരിച്ചാൽ സോളിസിറ്റർ ജനറലിനെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി.

നിങ്ങൾക്ക് എന്നെ ഒരിഞ്ച്പോലും അറിയില്ല. സുപ്രീംകോടതിക്കെതിരെ ഡെസ്‌ക് ഓഫീസർ നിയമങ്ങളുണ്ടാക്കുന്ന ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത്.ഇതെല്ലാം പണത്തിന്റെ ഹുങ്കാണ് - ജസ്റ്റിസ് മിശ്ര പറഞ്ഞു.

കേസിന്റെ നാൾവഴി

കമ്പനികളുടെ അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യൂ ( മൊത്ത വരുമാനം ) പുനർനിർവചിച്ചാണ് സ്‌പെക്ട്രം യൂസേജ് ചാർജ് അടക്കം 1.47 ലക്ഷം കോടി രൂപ കുടിശിക കണക്കാക്കിയത്. പതിനഞ്ച് ടെലികോം കമ്പനികളുടെ കുടിശികയാണിത്. തുകയിൽ ഇളവ് തേടി കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ തുക ജനുവരി 23നകം അടയ്‌ക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24ന് സുപ്രീംകോടതി ഉത്തരവിട്ടു. കമ്പനികൾ തുക അടച്ചില്ലെന്ന് മാത്രമല്ല ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെകൊണ്ട് കോടതി വിധി മരവിപ്പിക്കുന്ന ഉത്തരവിറക്കുകയും ചെയ്‌തു. പണം അടച്ചില്ലെങ്കിലും കമ്പനികൾക്കെതിരെ നടപടി വേണ്ടെന്ന് ഭരണഘടനാ അധികാരിയായ അക്കൗണ്ടന്റ് ജനറലിനാണ് ഉദ്യോഗസ്ഥൻ ഉത്തരവ് നൽകിയത്. അതാണ് കോടതിയെ ചൊടിപ്പിച്ചത്.