ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം ഒ.ബി.സി സംവരണത്തിനുള്ള ക്രീമീലെയർ വാർഷിക കുടുംബ വരുമാന പരിധി വർദ്ധിപ്പിക്കും. 8 ലക്ഷം രൂപയാണ് നിലവിലെ വരുമാന പരിധി. മൂന്ന് വർഷത്തിലൊരിക്കലാണ് കൂട്ടുന്നത്.
അതോടൊപ്പം, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമങ്ങളെയും നഗരങ്ങളെയും വേർതിരിക്കുന്നതും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല സമിതി പരിഗണിച്ചേക്കും. ഗ്രാമങ്ങളിലെ വരുമാനം നഗര പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണെന്നും, ക്രീമിലെയർ പരിധി നിശ്‌ചയിക്കുമ്പോൾ ഇതു കണക്കാക്കണമെന്നും 2011ൽ ദേശീയ പിന്നാക്ക കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഗ്രാമങ്ങളിൽ 9 ലക്ഷവും നഗരങ്ങളിൽ 12 ലക്ഷവും പരിധി നിശ്‌ചയിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. നിലവിൽ ഗ്രാമ, നഗര വ്യത്യാസമില്ല. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, തൻവർ ചന്ദ് ഗെലോട്ട്, വി. മുരളീധരൻ എന്നിവർ സമിതി അംഗങ്ങളാണ്.
.2013ൽ യു.പി.എ സർക്കാരാണ് നാലര ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാക്കി ക്രീമിലെയർ വരുമാന പരിധി ഉയർത്തിയത്. 2017 ആഗസ്‌റ്റിൽ ഒന്നാം മോദി സർക്കാർ ഇത് എട്ടു ലക്ഷമായി ഉയർത്തി..