esi-

ന്യൂഡൽഹി: ഗർഭിണികൾക്ക് ഇ.എസ്.ഐ ആശുപത്രികൾക്ക് പുറത്ത് ചികിത്സ നടത്താനുള്ള സഹായധനം 5000 രൂപയിൽ നിന്ന് 7500 രൂപയായി വർദ്ധിപ്പിക്കാൻ തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംങ്‌വാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ കോർപറേഷൻ യോഗം തീരുമാനിച്ചു.

ഇ.എസ്.ഐ സേവനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും സർക്കാരിന് റിപ്പോർട്ടു ചെയ്യാനും ജില്ലാതല അവലോകന സമിതികൾ രൂപീകരിക്കും. ഇ.എസ്.ഐ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന ഗർഭിണികൾക്കാണ് 7500 രൂപ ലഭിക്കുക.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ 2020-21 മുതൽ ക്വോട്ട ഏർപ്പെടുത്താനും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള ക്വാേട്ടയിൽ പ്രൊവിഷണൽ അഡ്‌മിഷൻ നൽകാനും അനുമതി നൽകി. റീജിയണൽ ഡയറക്‌ടർ നോമിനേറ്റ് ചെയ്യുന്ന ആളായിരിക്കും അവലോകന സമിതിയുടെ അദ്ധ്യക്ഷൻ. സമിതി അംഗങ്ങളായി സംസ്ഥാന സർക്കാർ പ്രതിനിധി, ഗുണഭോക്താക്കളായ ആറ് തൊഴിലാളികൾ, തൊഴിലുടമകളുടെ ആറ് പ്രതിനിധികൾ എന്നിവരും എക്‌സ് ഒഫിഷ്യോ മെമ്പർ സെക്രട്ടറിയായി ഇ.എസ്.ഐ ജില്ലാ ഓഫീസ് ഇൻ ചാർജും ഉണ്ടാവും.