ന്യൂഡൽഹി: കാര്യം പിടികിട്ടിയിട്ടില്ലെങ്കിലും രാംലീല മൈതാനത്ത് അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മുൻനിരയിൽ പ്രത്യേക ക്ഷണിതാവായി അവ്യാൻ തോമറുണ്ടാകും. ചുവപ്പ് സ്വെറ്ററും കറുത്ത മഫ്ലറും ആം ആദ്മി തൊപ്പിയും എടുത്താൽ പൊങ്ങാത്ത കണ്ണടയും ഒരു മീശയും വച്ച് 'കുഞ്ഞ് കേജ്‌രിവാളായി' തന്നെ.
നാടൊട്ടുക്ക് കുഞ്ഞ് കേജ്‌രിവാൾ വേഷം വൈറലായതും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിന്റെ ഗൗരവവും അവ്യാന് മനസിലായിട്ടില്ല. വീട്ടിൽ കളിച്ച്ചിരിച്ച് നടക്കുകയാണ്.
''ക്ഷണം ലഭിച്ചതിൽ സന്തോഷം''- ആംആദ്മി പാർട്ടി അനുഭാവിയും ബിസിനസുകാരനുമായ അച്ഛൻ രാഹുൽ തോമർ കേരളകൗമുദിയോട് പറഞ്ഞു. ആംആദ്മിയുടെ ഹിറ്റായ പ്രചാരണ ഗാനം ലഗേ രഹോ കേജ്‌രിവാൾ കേൾക്കുമ്പോൾ അവ്യാൻ ഡാൻസ് ചെയ്യും. ആപ്പ് എന്ന് പറയാനും അറിയാം - രാഹുൽ തോമർ പറഞ്ഞു.
അമ്മ മീനാക്ഷി തോമറാണ് ഒരുവയസും രണ്ടുമാസവും പ്രായമായ അവ്യാനെ കേജ്‌രിവാളിന്റെ വേഷത്തിൽ അണിയിച്ചൊരുക്കിയത്. ആംആദ്മി പാർട്ടിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.ഡി മാർഗിലെ പാർട്ടി ആസ്ഥാനത്തേക്ക് രാഹുലാണ് അവനെ കൂട്ടി കൊണ്ടുപോയത്. അവ്യാന്റെ ചിത്രം വൈറലായതോടെയാണ് ആപ്പ് അവ്യാനെയും കുടുംബത്തെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്.
മയൂർവിഹാർ ഫേസ് ഒന്നിലാണ് അവ്യാനും കുടുംബവും താമസിക്കുന്നത്.
2015ൽ അവ്യാന്റെ സഹോദരി ഫെയറി തോമറും കേജ്‌രിവാളിന്റെ വേഷമണിഞ്ഞ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫെയറിയെയും കൂട്ടി രാഹുൽ കേജ്‌രിവാളിനെ സന്ദർശിച്ചിട്ടുണ്ട്. ഫെയറിയോടൊപ്പമുള്ള സെൽഫി കേജ്‌രിവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു. നാലാംക്ലാസിലെത്തിയ ഫെയറിക്ക് ആംആദ്മിയെക്കുറിച്ചും കേജ്‌രിവാളിനെക്കുറിച്ചും സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും അറിയാമെന്നും രാഹുൽ പറഞ്ഞു.
സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്
രാവിലെ 10നാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വാരാണാസിയിലാണ്. പ്രതിപക്ഷ നേതാക്കളെയോ മറ്റ് മുഖ്യമന്ത്രിമാരെയോ ക്ഷണിച്ചിട്ടില്ല.
കേജ്‌രിവാളിനെകൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജയിൻ , ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്രപാൽ ഗൗതം, കൈലാഷ് ഗെഹ്‌ലോട്ട് എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.