ന്യൂഡൽഹി / തിരുവനന്തപുരം: മൂന്ന് മാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് ബി.ജെ.പിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി കെ. സുരേന്ദ്രനെ പാർട്ടി ദേശീയനേതൃത്വം നിശ്ചയിച്ചു. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻ.
ഇന്നലെ ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് പത്രക്കുറിപ്പിലൂടെ നിയമനം പ്രഖ്യാപിച്ചത്.
പി.എസ്. ശ്രീധരൻ പിള്ളയുടെ പിൻഗാമിയായാണ് സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനാവുന്നത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരമൊഴിച്ച് നാലിടത്തും ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതിനു പിന്നാലെ ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചിരുന്നു. അന്നുതൊട്ട് തന്നെ പുതിയ അദ്ധ്യക്ഷൻ ആരാകും എന്നതിനെപ്പറ്റി ബി.ജെ.പി - ആർ.എസ്.എസ് കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സുരേന്ദ്രനായിരുന്നു തുടക്കത്തിലേ മുൻതൂക്കം. കേന്ദ്രനേതൃത്വത്തിനും സുരേന്ദ്രനോടായിരുന്നു താത്പര്യം. എന്നാൽ, സംസ്ഥാന ഘടകത്തിലെ ഭിന്നതകൾ പ്രഖ്യാപനം വൈകിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം പിന്നെയും നീണ്ടു.
മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നീ പേരുകളും പ്രചരിച്ചെങ്കിലും അവസാന നറുക്ക് സുരേന്ദ്രന് തന്നെയായി. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഉറച്ച അനുയായിയായ സുരേന്ദ്രന് സംഘാടന മികവും പ്രവർത്തകർക്കിടയിലെ സ്വാധീനവും അനുകൂല ഘടകങ്ങളായി.
പുതിയ അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതിന് മുന്നോടിയായി സംഘടനാചുമതലയുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ആർ.എസ്.എസ് സംസ്ഥാന നേതൃത്വവുമായി ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ആർ.എസ്.എസിന്റെയും പിന്തുണയോടെയാണ് സുരേന്ദ്രന്റെ നിയമനം എന്നാണറിയുന്നത്. കേന്ദ്ര നേതൃത്വം സഹസംഘടനാ ജനറൽ സെക്രട്ടറി ശിവപ്രകാശിനെ മദ്ധ്യസ്ഥനാക്കി സംസ്ഥാനത്തെ മറ്റ് പ്രബലനേതാക്കളുമായും ആർ.എസ്.എസുമായും ചർച്ച നടത്തിയാണ് തർക്കപരിഹാരമുണ്ടാക്കിയത്. കുമ്മനം രാജശേഖരന് പാർട്ടിയിൽ നല്ല സ്ഥാനം നൽകണമെന്ന ആർ.എസ്.എസിന്റെ ആഗ്രഹം കണക്കിലെടുത്ത് അദ്ദേഹത്തിന് അഖിലേന്ത്യാതലത്തിൽ പ്രധാനഭാരവാഹിത്വം നൽകിയേക്കും.
സ്വീകാര്യത
ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ കെ.സുരേന്ദ്രന്റെ സമരങ്ങളും ജയിൽവാസവുമെല്ലാം അണികളിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സുരേന്ദ്രന്റേത് മികച്ച പ്രകടനമായിരുന്നു. ഒമ്പത് വർഷമായി സംസ്ഥാന ജനറൽസെക്രട്ടറിയായ സുരേന്ദ്രന് രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട പദവിയാണ് ഇപ്പോൾ തേടിയെത്തിയത്.
വെല്ലുവിളികൾ
പാർട്ടിയിലെ ശക്തികേന്ദ്രങ്ങളായ ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് കൊണ്ടുപോവുക സുരേന്ദ്രന് വലിയ വെല്ലുവിളിയാവും. ആസന്നമായ കുട്ടനാട് ഉപതിരഞ്ഞെടു പ്പും ഇക്കൊല്ലം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നേരിടണം. തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കണം. ഇല്ലെങ്കിൽ പുതിയ അസ്വസ്ഥതകൾക്ക് വഴിതുറക്കും.