ന്യൂഡൽഹി: വിമർശിച്ച എതിരാളികളോട് ഞാൻ ക്ഷമിച്ചിരിക്കുന്നു! ഡൽഹിക്കാരോടുള്ള സ്‌നേഹത്തിന് വിലയിടാൻ കഴിയാത്തതുകൊണ്ടാണ് എന്റെ സർക്കാർ സൗജന്യ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നത്!
ഡൽഹിയുടെ പുത്രനെന്ന് സ്വയം വിശേഷിപ്പിച്ച കേജ്‌രിവാൾ, ഡൽഹിയുടെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുമെന്നും രാംലീലാ മൈതാനത്തെ സത്യപ്രതിജ്ഞയ്‌ക്കു ശേഷം നടത്തിയ പ്രൗഢമായ പ്രസംഗത്തിൽ പറഞ്ഞു.
ലോകമെങ്ങും ഇന്ത്യൻ പതാക ഉയർന്നു നിൽക്കണമെന്നാണ് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നം. അതിനുള്ള ശ്രമങ്ങൾക്കാണ് ഡൽഹിയിൽ തുടക്കം കുറിച്ചിരിക്കുന്നത്- തിരകൾ പോലെ തുടർച്ചയായി ഉയർന്ന കൈയടികൾക്കിടെ കേജ്‌രിവാൾ പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും തിരക്കുകൾ കാരണം പ്രധാനമന്ത്രിക്ക് വരാൻ കഴിഞ്ഞില്ല.
കേന്ദ്രസർക്കാരിനൊപ്പം ചേർന്ന് ഡൽഹിയെ ഒന്നാമതെത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഡൽഹിയുടെ കുതിപ്പിന് അവരുടെ ആശീർവാദം ആഗ്രഹിക്കുന്നു.ഡൽഹി പുതിയൊരു രാഷ്‌ട്രീയരീതി മുന്നോട്ടു വയ്‌ക്കുന്നു: ചെലവു കുറഞ്ഞ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നല്ല റോഡിന്റെയും അഴിമതിരഹിത ദേശത്തിന്റെയും വനിതാസുരക്ഷയുടെയും രാഷ്ട്രീയമാണ് അത്.
ഡൽഹിയെ ചലിപ്പിക്കുന്നത് കേജ്‌രിവാളോ ഏതെങ്കിലും പാർട്ടിയോ നേതാക്കളോ അല്ല. അത് അദ്ധ്യാപകരും ഡോക്‌ടർമാരും ഓട്ടോക്കാരും റിക്ഷാക്കാരും വിദ്യാർത്ഥികളും ബസ് ഡ്രൈവർമാരുമാണ്. ഐ.ഐ.ടി ബിരുദം നേടിയ ശേഷം പൊതുപ്രവർത്തകനായ വിജയകുമാറും അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചപ്പോൾ കൃഷിക്കാരനായ തൽവീർ സിംഗും മെട്രോ പൈലറ്റ് നീതി ഗുപ്‌തയും മറ്റും അടങ്ങിയ ലക്ഷക്കണക്കിനു പേരാണ് ഡൽഹിയെ നയിക്കുന്നത്. പ്രസംഗം അവസാനിപ്പിക്കും മുമ്പ് കേജ്‌രിവാൾ ചൊല്ലിക്കൊടുത്ത 'ഒരു ദിവസം നമ്മൾ ലക്ഷ്യം കൈവരിക്കു'മെന്ന കവിത രാംലീലാ മൈതാനം തിങ്ങിനിറഞ്ഞ ആയിരങ്ങൾ ഏറ്റുചൊല്ലി.
കമന്റ്
പ്രപഞ്ചത്തിലെ മൂല്യമുള്ള പലതും ദൈവം സൗജന്യമായാണ് നൽകിയത്. കുഞ്ഞിനോട് അമ്മയുടെ സ്‌നേഹവും മകനെ പഠിപ്പിച്ച് വലുതാക്കാൻ പിതാവ് നടത്തുന്ന ശ്രമങ്ങളും പ്രതിഫലം ഇച്ഛിച്ചല്ല. കേജ്‌രിവാൾ ഡൽഹിയെ സ്‌നേഹിക്കുന്നതും ഫ്രീ ആയാണ്.
- അരവിന്ദ് കേജ്‌രിവാൾ
ഡൽഹി മുഖ്യമന്ത്രി
50 പ്രത്യേക ക്ഷണിതാക്കൾ
ന്യൂഡൽഹി: ഡൽഹിയിലെ സാധാരണക്കാർ മുതൽ വ്യവസായികൾ വരെയുള്ള 50 പേർ കേജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായെത്തി. ഗോപാൽ റായ് ധീരരക്തസാക്ഷികളായ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിലും രാജേന്ദ്രഗോപാൽ ഗൗതം തഥാഗത ബുദ്ധന്റെ നാമത്തിലും സത്യപ്രതിജ്ഞ ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും, അദ്ദേഹം ഇന്നലെ വാരാണാസിയിലായിരുന്നു. ക്ഷണമുണ്ടായിരുന്നെങ്കിലും മുൻ എം.എ.എ വിജേന്ദ്രകുമാർ ഒഴിച്ച് ഡൽഹിയിലെ ബി.ജെ.പി എം.പിമാരും എം.എൽ.എമാരും എത്തിയില്ല. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരെയോ പ്രമുഖ പ്രതിപക്ഷ നേതാക്കളെയോ ക്ഷണിച്ചിരുന്നില്ല.
നിർമ്മാണ തൊഴിലാളികളായ വിജയ്കുമാർ സാഗർ, പ്രമോദ്കുമാർ മഹാതോ, തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ നിന്ന് ആറുവയസുകാരിയെ രക്ഷിച്ച ബസ് മാർഷൽ അരുൺകുമാർ, പോക്കറ്റടിക്കാരെ നേരിട്ട വനിതാ മാർഷൽ ഗീതാദേവി, ശുചീകരണ തൊഴിലാളി ലസ്വന്തി, രാത്രികാല ഷെൽട്ടർ കെയർടേക്കർ ഷബീന, കർഷകനായ ദൽബീർ സിംഗ്, മെട്രോ പൈലറ്റ് നിധി ഗുപ്ത, ഓട്ടോതൊഴിലാളികളായ ലക്ഷ്മൺ ചൗധരി, രാജു മിസ്ത്രി തുടങ്ങിയവരാണ് 'മേക്കേഴ്സ് ഒഫ് ഡൽഹി' എന്ന നിലയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയത്. കേജ്രിവാളിന്റെ വേഷത്തിലെത്തിയ കുഞ്ഞു കേജ്‌രിവാൾ അവ്യാൻ തോമറും ചടങ്ങിന്റെ ശ്രദ്ധാ കേന്ദ്രമായി.
15 വർഷം ഭരിച്ച ഷീലാ ദീക്ഷിതിന്റ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് 2013 ൽ 28 സീറ്റുമായാണ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആദ്യ ആം ആദ്മി സർക്കാർ അധികാരമേറ്റത്. 49 ദിവസത്തിനു ശേഷം രാജി. 2015 ൽ എഴുപതു സീറ്റിൽ 67 എണ്ണം നേടി രണ്ടാം വരവ്. ഇക്കുറി 62 സീറ്റോടെ മൂന്നാംവട്ടം. അണ്ണാ ഹസാരെയ്ക്കൊപ്പം കേജ്‌രിവാൾ അഴിമതി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ രാംലീലാ മൈതാനത്തു തന്നെയായിരുന്നു മുൻപ് രണ്ടുതവണയും സത്യപ്രതിജ്ഞാ ചടങ്ങ്.