chadha-with-avyan

ന്യൂഡൽഹി: രാംലീലാ മൈതാനത്ത് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രത്യേക ക്ഷണിതാവായെത്തിയ കുഞ്ഞു കേജ്‌രിവാൾ അവ്യാൻ തോമറിനൊപ്പം ഫോട്ടോയെടുക്കാനുള്ള തിരക്കിലായിരുന്നു ആം ആദ്മി നേതാക്കൾ! ചുവപ്പ് സ്വെറ്ററും കറുത്ത മഫ്ലറും ആം ആദ്മി തൊപ്പിയും കണ്ണടയും മീശയും വച്ച് കേജ്‌രിവാളിന്റെ പ്രശസ്തമായ വേഷത്തിലായിരുന്നു അവ്യാന്റെ വരവ്.

ആംആദ്മി പാർട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗും പാർട്ടിയുടെ യുവ എം.എൽ.എ രാഘവ് ചദ്ദയും അവനെ ചേർത്തു നിർത്തി സെൽഫിയെടുത്തു. ഫോട്ടോകൾ ആംആദ്മി ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചതോടെ അവ്യാൻ വീണ്ടും വൈറലായി. ആപ്പ് നേതാവ് സോമനാഥ് ഭാരതിയും അവ്യാനൊപ്പം സെൽഫിയെടുത്തു.

അച്ഛൻ രമേഷ് തോമർ, അമ്മ മീനാക്ഷി, സഹോദരി ഫെയറി എന്നിവരും ചടങ്ങിനെത്തി.

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മറ്റു ചില കുട്ടികളും കേജ്‌രിവാളിന്റെ വേഷത്തിലായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം പാർട്ടി ആസ്ഥാനത്ത് ആഹ്ലാദ പ്രകടനത്തിൽ കേജ്‌രിവാളിന്റെ വേഷത്തിലെത്തിയ അവ്യാന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് അവ്യാനെയും കുടുംബത്തെയും കെജ്‌രിവാൾ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചത്.