shaheen-bagh

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ സമരം നടത്തുന്ന സ്ത്രീകളടക്കമുള്ളവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിയിലേക്കുനടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. സമരനായികമാരായ ദാദിമാരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ ഷഹീൻബാഗിലെ പ്രതിഷേധ വേദിയിൽനിന്ന് ഉച്ചയ്ക്ക് മാർച്ച് തുടങ്ങിയെങ്കിലും പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. മാർച്ച് നടത്താൻ അനുമതിതേടി സമരക്കാർ അപേക്ഷനൽകിയെങ്കിലും ഡൽഹി പൊലീസ് നിഷേധിച്ചു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവേദിയിലേക്ക് മടങ്ങി.

പ്രതിനിധി സംഘത്തിന് അമിത് ഷായെ കാണാമെന്ന് പൊലീസ് അറിയിച്ചു.
പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് ശനിയാഴ്ചയാണ് സമരക്കാർ പ്രഖ്യാപിച്ചത്. പൗരത്വഭേദഗതി നിയമത്തിൽ സംശയമുള്ളവർക്ക് തന്നെ നേരിട്ട് കാണാമെന്നും തന്റെ ഓഫീസുമായി ബന്ധപ്പെട്ടാൽ സന്ദർശനാനുമതി ലഭിക്കുമെന്നും അമിത് ഷാ ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമിത്ഷായെ കാണുമെന്ന് സമരക്കാർ അറിയിച്ചത്.