ന്യൂഡൽഹി : ഗാർഗി കോളേജിൽ പെൺകുട്ടികളുടെ നേർക്കുണ്ടായ ലൈംഗിക അതിക്രമത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും സി.ബി.ഐയ്ക്കും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. കോളേജ് ഫെസ്റ്റിനിടെ കോളേജിലേക്ക് അതിക്രമിച്ച് കടന്ന സംഘം പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കേസിൽ 10 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും ഡൽഹി സാകേത് കോടതി ഇവർക്ക് തൊട്ടടുത്ത ദിവസം 10,000 രൂപയിന്മേൽ ജാമ്യം അനുവദിച്ചിരുന്നു.
ലൈംഗിക അതിക്രമക്കേസിൽ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചുവെന്നത് ഞെട്ടിക്കുന്നതാണ്. മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാർ കോളേജ് ഫെസ്റ്റ് നടക്കുന്നതിനിടെ കാമ്പസിനകത്ത് എത്തി പെൺകുട്ടികളെ കടന്നുപിടിക്കുകയും വിദ്യാർത്ഥികളെ ടോയ്ലറ്റിൽ അടച്ചിടുകയും ആക്രമിക്കുകയുമായിരുന്നു. ഉടൻ വിദ്യാർത്ഥിനികൾ പരാതിയുമായി കോളേജ് അധികൃതരെ കണ്ടു. നടപടിയുണ്ടായില്ല. സാമൂഹികമാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥിനികൾ ദുരനുഭവം വിശദീകരിച്ചു. പാർലമെന്റിലെ ഇരുസഭകളിലും സംഭവം ചർച്ചയായി. പിന്നാലെ ഡൽഹി പൊലീസ് കേസെടുക്കുകയായിരുന്നു. കോളേജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.