women-army-officer

 വിധി മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കണം

 യുദ്ധമേഖലയിൽ ഒഴികെ നിയമനമാവാം

 കേന്ദ്ര എതിർപ്പ് സ്ത്രീകളെ അപമാനിക്കൽ

ന്യൂഡൽഹി : കരസേനയിലെ ഉയർന്ന പദവികളിൽ (കമാൻഡർ ഉൾപ്പെടെ) വനിതകൾക്കും നിയമനം നൽകണമെന്ന 2010ലെ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ മാനസികമായും ശാരീരികമായം ദുർബലരാണെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ഹേമന്ത് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ചരിത്ര വിധി.

വനിതാ ഉദ്യോഗസ്ഥരെ യുദ്ധമേഖല ഒഴികെ എല്ലാ തന്ത്രപ്രധാന സ്ഥലങ്ങളിലും നിയമിക്കാം. കരസേനയിലെ കമാൻഡർ പദവിയിലേക്ക് നിയമനം നിഷേധിക്കപ്പെട്ട ബബിത പുനിയ അടക്കമുള്ള വനിതാ ഓഫീസർമാർ നൽകിയ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനുള്ളിൽ വിധി നടപ്പാക്കണം.

സായുധസേനയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കണമെന്ന വാദം ശരി വച്ച സുപ്രീംകോടതി, മൂന്ന് മാസത്തിനുള്ളിൽ കമ്മിഷൻ രൂപീകരിക്കാനും ഉത്തരവായി. നിയമനത്തെ കേന്ദ്ര സർക്കാർ എതിർക്കുന്നത് സ്ത്രീകളെയും സേനയെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും വിലയിരുത്തി.

ഇതോടെ, സേനയിലെ ഉന്നത പദവികളിൽ വനിതകൾക്ക് പതിറ്റാണ്ടുകളായുള്ള വിലക്കാണ് നീങ്ങുന്നത്. കരസേനയിൽ സ്ത്രീകൾ 14 വർഷം സർവീസ് (ഷോർട്ട് സർവീസ്) പൂർത്തിയാക്കിയ ശേഷം വിരമിക്കുന്നതാണ് നിലവിലെ രീതി. അവർക്ക് പെർമനന്റ് കമ്മിഷനുള്ള അവസരമാണ് തുറക്കുന്നത്.

സേനയിൽ വകുപ്പുകൾ തിരഞ്ഞെടുക്കുന്ന വേളയിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അപേക്ഷിക്കാമെന്നായിരുന്നു ഡൽഹി ഹൈക്കോടതി ഉത്തരവ്. എന്നാൽ,കേന്ദ്ര സർക്കാരിന്റെ എതിർപ്പ് നിമിത്തം കഴിഞ്ഞ 10 വർഷവും ഉത്തരവ് നടപ്പാക്കാനായില്ല.

കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോൾ, ബി.ജെ.പി നേതാവും അഭിഭാഷകയുമായ മീനാക്ഷി ലേഖി കേന്ദ്ര നിലപാടിനെതിരെ വാദിച്ചതും ശ്രദ്ധേയമായി.

പുരുഷന്മാർ അനുസരിക്കില്ല: കേന്ദ്രം

 പ്രസവാവധി, മാതൃത്വം, വീട്ടിലെ ചുമതലകൾ എന്നിവയെല്ലാമാകുമ്പോൾ കമാൻഡർമാരായിരിക്കുക സ്ത്രീകൾക്ക് ദുഷ്‌കരം

 കമാൻഡർ പോലെ പ്രധാന പദവിയിലുള്ള വനിതാ ഉദ്യോഗസ്ഥരെ അനുസരിക്കാൻ പുരുഷ ഉദ്യോഗസ്ഥർ തയ്യാറാവില്ല

 വനിതാ ഓഫീസർമാരെ യുദ്ധത്തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് കമാൻഡർ പോസ്റ്റിൽ നിയമിക്കാത്തത്

ലിംഗ വിവേചനം തീരണം: കോടതി

 കേന്ദ്ര സർക്കാർ നിലപാട് വിവേചനപരം. ലിംഗ വിവേചനത്തിന് അവസാനമുണ്ടാവണം

 പ്രസവിക്കുക, വീട്ടുജോലികൾ ചെയ്യുക എന്നതല്ല സ്ത്രീ ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം

 പുരുഷന്റെ സഹായി മാത്രമായി സ്ത്രീ സേവനം അനുഷ്ടിച്ച കാലം എന്നേ കടന്നു പോയി