വധശിക്ഷ രാവിലെ 6ന് നടപ്പാക്കണമെന്ന് സെഷൻസ് കോടതി
ദയാഹർജി നൽകുമെന്ന് പ്രതി പവൻഗുപ്ത
ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗക്കേസിൽ ഡൽഹി പാട്യാല അഡിഷണൽ സെഷൻസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ്, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരുടെ വധശിക്ഷ തിഹാർ ജയിലിൽ മാർച്ച് മൂന്നിന് രാവിലെ 6 മണിക്ക് നടപ്പാക്കാനാണ് ജഡ്‌ജ് ധർമ്മേന്ദർ റാണയുടെ ഉത്തരവ്. നിലവിൽ പ്രതികളുടെ നിയമനടപടികൾ തീർപ്പാകാതെ കിടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാമത്തെ മരണവാറണ്ട്.
മുകേഷ് സിംഗ്, വിനയ് ശർമ്മ , അക്ഷയ് കുമാർ സിംഗ് എന്നിവരുടെ നിയമസാദ്ധ്യതകളെല്ലാം അവസാനിച്ചെങ്കിലും, പവൻ ഗുപ്തയ്ക്ക് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജിയും, രാഷ്ട്രപതിക്ക് ദയാഹർജിയും നൽകാൻ അവസരമുണ്ട്. ദയാഹർജി തള്ളിയാൽ അതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകുമെന്ന് അഭിഭാഷകൻ രവി ഖാസി ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ശിക്ഷ നടപ്പാക്കുന്നത് വീണ്ടും വൈകിയേക്കും.
ഇന്നലെ കോടതിയിലെത്തിയ മുകേഷിന്റെ അമ്മ പൊട്ടിക്കരഞ്ഞു. മകനോട് ദയകാണിക്കണമെന്ന് അപേക്ഷിച്ചു. . പ്രതി വിനയ് ശർമ്മ ഫെബ്രുവരി 11നും 12നും നിരാഹാരസമരം നടത്തിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധിക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി .പ്രതികളെ ജനുവരി 22ന് രാവിലെ ഏഴിന് തൂക്കിലേറ്റാൻ ജനുവരി ഏഴിന് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി മുകേഷ് സിംഗ് ദയാഹർജി നൽകിയതോടെ, ഫെബ്രുവരി 1ന് രാവിലെ 6ന് വിധി നടപ്പാക്കണമെന്ന് മാറ്റി. മറ്റു പ്രതികളും നിയമനടപടികളുമായി മുന്നോട്ടുപോയതോടെ വിധി നടപ്പാക്കുന്നത് പാട്യാല കോടതി സ്റ്റേ ചെയ്തിരുന്നു.
വിനയ് ശർമ്മയ്ക്ക്
മാനസിക പ്രശ്നങ്ങളെന്ന്
ഏഴ് ദിവസത്തിനുള്ളിൽ അവശേഷിക്കുന്ന നിയമസാദ്ധ്യത തേടണമെന്ന ഹൈക്കോടതി നിർദ്ദേശം അന്നത്തെ അഭിഭാഷകൻ എ.പി സിംഗ് പവൻ ഗുപ്തയെ അറിയിച്ചിരുന്നില്ലെന്ന് അഭിഭാഷകൻ രവി ഖാസി കോടതിയിൽ പറഞ്ഞു. എന്നാൽ ജയിൽ അധികൃതർ വഴി അറിയിച്ചിരുന്നെന്ന് എ.പി സിംഗ് മറുപടി നൽകി.
പ്രതി വിനയ് ശർമ്മയ്ക്ക് ഗുരുതരമായ മാനസികപ്രശ്നങ്ങളുള്ളതിനാൽ വധശിക്ഷ നടപ്പാക്കരുതെന്ന് എ.പി സിംഗ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് ജയിൽ അധികൃതരിൽ നിന്നും ആവശ്യപ്പെടണം. കൂടുതൽ വസ്തുതകൾ ഉൾപ്പെടുത്തി അക്ഷയ് സിംഗ് രാഷ്ട്രപതിക്ക് വീണ്ടും ദയാഹർജി നൽകുമെന്നും എ.പി സിംഗ് പറഞ്ഞു. അതേസമയം ,നേരത്തെ തന്നെ പ്രതിനിധീകരിച്ച അമിക്കസ് ക്യൂറി വൃന്ദ ഗ്രോവറിനെ പ്രതി മുകേഷ് സിംഗ് ഒഴിവാക്കി.