ന്യൂഡൽഹി: ഓരോ മതത്തിലെയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം അതത് മതവിഭാഗത്തിൽ അധിഷ്ഠിതമാകണമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ അന്തിമ വാദം കേൾക്കെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം ഉന്നയിച്ചത്.
പൊതുജനങ്ങളെ ബാധിക്കുന്ന ക്രമസമാധാനം, ആരോഗ്യം, ധാർമിക നീതി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനോ കോടതിക്കോ അഭിപ്രായങ്ങൾ അറിയിക്കാം. എന്നാൽ പ്രസ്തുത മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കേണ്ടത് വിശ്വാസികളാണ്.
ആചാര സംരക്ഷണം വേണം എന്ന വാദത്തിലൂന്നിയാണ് തുഷാർ മേത്ത വാദമുഖങ്ങൾ നിരത്തിയത്. ശബരിമല ക്ഷേത്രത്തിൽ യുവതികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് അവിടത്തെ ആചാരത്തിന്റെ ഭാഗമായാണെന്നും ഓരോ മതത്തിനും വ്യത്യസ്ത ആചാരങ്ങളുണ്ടെന്നും വാദിച്ചു.
ഏഴ് പരിഗണനാ വിഷയങ്ങളിൽ രാവിലെ പത്ത് മണിയോടെയാണ് വാദം ആരംഭിച്ചത്. മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്ന് ആവശ്യപ്പെടുന്നവരുടെ വാദമാണ് ആദ്യം കേൾക്കുന്നത്. ഒന്നാം നമ്പർ കോടതിയിൽ, മതാചാരങ്ങളെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരുമെന്ന് തരംതിരിച്ച് രണ്ട് സംഘങ്ങളായാണ് വാദം.
ഓരോരുത്തർക്കും എത്ര സമയം നൽകണമെന്നതാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചും അഭിഭാഷകരും ആദ്യം ചർച്ച ചെയ്തത്. തുഷാർ മേത്തയ്ക്ക് പുറമേ മുതിർന്ന അഭിഭാഷകരായ കെ. പരാശരൻ, ഇന്ദിര ജയ്‌സിംഗ്, ഫാലി എസ്. നരിമാൻ, കപിൽ സിബൽ, രാജീവ് ധവാൻ, വി.ഗിരി തുടങ്ങി ഇരുപതോളം പേർ കോടതിയിൽ ഹാജരായിരുന്നു.
പത്ത് ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഓരോരുത്തത്തരും എത്ര നേരം വാദം നടത്തണമെന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയെന്നും വിവരങ്ങൾ രജിസ്ട്രാർക്ക് കൈമാറിയെന്നും അഭിഭാഷകർ ബെഞ്ചിനെ അറിയിച്ചു. ഒന്നര ദിവസമാണ് കേന്ദ്രം വാദത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് അഭിഭാഷകർ പത്ത് മിനിട്ട് വീതവും ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദിക്കാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചതെങ്കിലും ആരൊക്കെ എതൊക്കെ ഭാഗത്ത് അണിചേരുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നു. കപിൽ സിബൽ, രാജീവ് ധവാൻ തുടങ്ങിയവർ ഇരുചേരിയിലും ചേരാതെ നിന്നു. കേന്ദ്ര സർക്കാരിന് ശേഷം മുതിർന്ന അഭിഭാഷകൻ കെ. പരാശരനാണ് വാദിക്കേണ്ടത്.
ജഡ്ജിക്ക് അനാരോഗ്യം: ഇന്ന് വാദമില്ല
ബെഞ്ചിലെ ജ.ആർ. ഭാനുമതിക്ക് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടതിനാൽ ഇന്നലെ ഉച്ചയോടെ വാദം കേൾക്കുന്നത് നിറുത്തിവച്ചു. ഇക്കാരണത്താൽ ഇന്ന് വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.