ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന സമരക്കാരുമായി ചർച്ച നടത്താൻ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി രൂപം നൽകി. അഭിഭാഷക സാധന രാമചന്ദ്രൻ, മുൻ വിവരാവകാശ കമ്മിഷണർ വജഹത്ത് ഹബീബുള്ള എന്നിവരാണ് സമിതിയിലുള്ള മറ്റുള്ള അംഗങ്ങൾ. ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
സമരക്കാരുടെ അവകാശവും റോഡ് തടസവും രണ്ടും തുല്യമായി പരിഗണിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 24ന് വീണ്ടും ഹർജി പരിഗണിക്കും.
കാശ്‌മീർ, ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനാണ് സഞ്ജയ് ഹെഗ്‌ഡെ. മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വജഹത്ത് ഹബീബുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകയാണ് സാധന രാമചന്ദ്രൻ.
പ്രതിഷേധിക്കാൻ അവകാശമുണ്ട്, അതിന് പരിമിതിയുമുണ്ട്
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. എന്നാൽ അതിന് അതിരുകളുണ്ട്. റോഡ് തടസപ്പെടുത്തുന്നതും അതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് തങ്ങളുടെ വിഷയം. റോഡുകൾ തടഞ്ഞ് അനിശ്ചിതകാലം പ്രതിഷേധിക്കാനാവില്ല. എല്ലാവരും റോഡ് തടയാൻ തുടങ്ങിയാൽ എവിടെ ഇത് അവസാനിക്കുമെന്നും കോടതി ചോദിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയയിലെ പ്രതിഷേധത്തിന് നേരെ ഡിസംബർ 15നുണ്ടായ പൊലീസ് നടപടിയെ തുടർന്നാണ് നോയിഡയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന കാളിന്ദി കുഞ്ച് ഹൈവേയിൽ ഷഹീൻബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയത്. ഇവരെ റോഡിൽ നിന്ന് എത്രയും വേഗം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് നന്ദകിഷോർ ഗാർഗിയാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധം യാത്രക്കാർക്ക് തടസമുണ്ടാക്കുന്നുവെന്നും എത്രയും പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.