ന്യൂഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാംസിന്റെ വിസ റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ഇ - ബിസിനസ് വിസ റദ്ദാക്കിയത്. വിസ അസാധുവാക്കിയ വിവരം ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ് ഫെബ്രുവരി 14ന് തന്നെ അറിയിച്ചിരുന്നു. ബിസിനസ് മീറ്റിംഗുകൾക്ക് മാത്രമാണ് ഇ - ബിസിനസ് വിസ അനുവദിക്കുന്നതെന്നും ഡെബ്ബി പറയും പോലെ കുടുംബക്കാരെയും സുഹൃത്തുക്കളെയും കാണാനല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡെബ്ബിയെ മടക്കി അയച്ച നടപടിയിൽ കേന്ദ്രസർക്കാരിനെ അനുകൂലിച്ച് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി രംഗത്തെത്തി.
'ഡെബ്ബിയെ തിരിച്ചയച്ച നടപടി അനിവാര്യമാണ്. ഡെബ്ബി എം.പി മാത്രമല്ല, പാക് അനുകൂലികൂടിയാണ്. പാക് സർക്കാരും ഐ.എസ്.ഐയുമായും ബന്ധമുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തകർക്കേണ്ടതുണ്ടെന്നും" സിംഗ്‌വി ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 9 ഓടെയാണ് ദുബായിൽ നിന്ന് ഡെബ്ബി എബ്രഹാംസ് ഡൽഹിയിലെത്തിയത്. ഇമിഗ്രേഷൻ അധികൃതർക്ക് യാത്രാരേഖകൾ കൈമാറിയപ്പോൾ വിസ റദ്ദാക്കിയ വിവരം ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ ദുബായിലേക്ക് മടക്കിയയച്ചു. ഇന്ത്യയിലുള്ള ബന്ധുക്കളെ കാണാൻ എത്തിയതാണെന്നും രാഷ്ട്രീയകാരണങ്ങളാൽ മനുഷ്യാവകാശ ലംഘനം അനുവദിക്കാൻ കഴിയില്ലെന്നും ഡെബ്ബി എബ്രഹാംസ് പ്രതികരിച്ചിരുന്നു. വിസയ്ക്ക് 2020 വരെ കാലാവധിയുണ്ടായിരുന്നുവെന്നും ഡെബ്ബി ചൂണ്ടിക്കാട്ടിയിരുന്നു.
കാശ്‌മീരികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് പാർലമെൻററി സമിതിയുടെ അദ്ധ്യക്ഷയാണ് ലേബർ പാർട്ടി എം.പിയായ ഡെബ്ബി.