ന്യൂഡൽഹി:പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ ജാമിയ മിലിയയിലെ ന്യൂഫ്രണ്ട്‌സ് കോളനിയിൽ ഡിസംബർ 15നുണ്ടായ സംഘർഷത്തിന് പിന്നിൽ ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമാണെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. സംഘർഷത്തിന് പ്രേരിപ്പിച്ചത് ഷർജീലാണ്. ബസ് കത്തിച്ച സംഭവത്തിലടക്കം ഷർജീൽ ഉൾപ്പെടെ 17 പേർ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം. അതേസമയം ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ ആരെയും പ്രതിചേർത്തിട്ടില്ല.
കേസിൽ ഷർജീലിനെ ഡൽഹി മെട്രോപോളിറ്റിയൻ മജിസ്‌ട്രേറ്റ് മാർച്ച് മൂന്നുവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ, കോൾ വിവരങ്ങൾ,100ലധികം പേരുടെ മൊഴികൾ എന്നിവ സഹിതമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഡിസംബർ 15ലെ സംഘർഷത്തിനിടെ ജാമിയകാമ്പസിൽ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പൗരത്വഭേദഗതി, എൻ.ആർ.സി തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് യു.പി, അസം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്. ജനുവരി 28ന് ബിഹാറിൽ വച്ചാണ് ഷർജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.