womens-world-cup

ന്യൂഡൽഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 2020ലെ ഫിഫാ വനിതാ അണ്ടർ-17 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് നവംബർ രണ്ടിന് ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ കിക്കോഫ് ചെയ്യും. നവംബർ 21ന് നവി മുംബയ് ഡി.വൈ. പാട്ടീൽ സ്‌റ്റേഡിയമാണ് ഫൈനലിന് വേദിയാകുക.

ഇന്ത്യ അടക്കം 16 രാജ്യങ്ങൾ മാറ്റുരയ്‌ക്കുന്ന ലോകകപ്പിന് ഗോഹട്ടിക്കും നവിമുംബയ്‌ക്കും പുറമെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയം, ഭുവനേശ്വറിലെ കലിംഗാ സ്‌റ്റേഡിയം, അഹമ്മദാബാദ് ട്രാൻസ്‌സ്റ്റേഡിയ സ്‌റ്റേഡിയം എന്നീ വേദികളുമുണ്ടാകും. നവംബർ 12, 13 തിയതികളിൽ ക്വാർട്ടർ ഫൈനലുകളും 17ന് സെമിഫൈനലുകളും 21ന് ഫൈനലിനൊപ്പം മൂന്നും നാലും സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരങ്ങളും നടക്കും. ആകെ 32 മത്സരങ്ങളുണ്ടാകും.

മത്സരക്രമവും വേദികളും പ്രഖ്യാപിച്ച ഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിൽ 'കിക്ക് ഒാഫ് ദി ഡ്രീം' എന്ന ടൂർണമെന്റിന്റെ ഔദ്യോഗിക മുദ്രാവാക്യം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ഫിഫാ വനിതാ ഫുട്ബാൾ ഓഫീസർ സരായ് ബരെമാൻ, അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ഫിഫാ യൂത്ത് ടൂർണമെന്റ് മേധാവി റോബർട്ടോ ഗ്രാസി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ഫിഫാ ലോകകപ്പ് ഇന്ത്യൻ വനിതാ ഫുട്ബാളിന് കുതിപ്പേകുമെന്ന് കായിക മന്ത്രി പറഞ്ഞു. 2017ൽ അണ്ടർ-17 ലോകകപ്പിന് ശേഷം ഇന്ത്യ വേദിയാകുന്ന രണ്ടാമത്തെ ഫിഫാ ടൂർണമെന്റാണിത്.