ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ സുപ്രീംകോടതിയിലേക്ക് ക്ഷണിച്ച് ചീഫ് ജസ്റ്റിസ് എസ്.എബോബ്‌ഡെ. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നയം രൂപീകരിക്കുന്നത് സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.'മന്ത്രിക്ക് നൂതനമായ ആശയങ്ങളാണുള്ളത്. കോടതിയിലെത്താനും ഞങ്ങളെ സഹായിക്കാനും അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയാണ്. കാരണം, അദ്ദേഹം തീരുമാനങ്ങളെടുക്കാൻ പ്രാപ്തമായ സ്ഥാനത്താണുള്ളത് 'ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, മന്ത്രി നേരിട്ട് ഹാജരായാൽ അത് തെറ്റായ സന്ദേശമാകുമെന്നായിരുന്നു സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം. വിഷയത്തിൽ മന്ത്രിക്ക് നോട്ടീസല്ല അയയ്ക്കുന്നത് എന്നും കോടതി വ്യക്തമാക്കി. കോടതി മന്ത്രിയെ വിളിച്ചുവരുത്തുകയല്ലെന്നും നേരിട്ട് ഹാജരാകാൻ അഭ്യർത്ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.