ന്യൂഡൽഹി : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തീയതി 15 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര മന്ത്രിസഭ രൂപീകരിച്ച രാമ ക്ഷേത്ര ട്രസ്റ്റ്.
ഡൽഹിയിലെ ട്രസ്റ്റ് ഓഫീസിൽ ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം.
ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി രാമജന്മഭൂമി ന്യാസിന്റെ മഹന്ത് നൃത്യ ഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. ചമ്പത്ത് റായിയെ ജനറൽ സെക്രട്ടറിയായും ഗോവിന്ദ് ഗിരിയെ ട്രഷററായും നിയോഗിച്ചു. 15 ദിവസത്തിന് ശേഷം ട്രസ്റ്റ് അംഗങ്ങൾ അയോദ്ധ്യയിൽ യോഗം ചേരുമെന്നും അന്ന് ക്ഷേത്ര നിർമ്മാണ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഗ്രേറ്റർ കൈലാഷിൽ മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയിൽ വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച യോഗം രാത്രി എട്ടോടെയാണ് അവസാനിച്ചത്. നിർമാണം തുടങ്ങുന്ന തീയതി, ഫണ്ട് ശേഖരണം, ട്രസ്റ്റിൽ പുതിയ അംഗങ്ങളുടെ നിയമനം, രാമജന്മഭൂമി ന്യാസിന്റെ സ്വത്ത് ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. സംഭാവനകൾ സ്വീകരിക്കുന്നതിന് അയോദ്ധ്യയിലെ സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് തുറക്കും.
കെ.പരാശരൻ (മുഖ്യ ട്രസ്റ്റി), പുരോഹിതന്മാരായ ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീർത്ഥ, പ്രയാഗ്രാജ് ജ്യോതിഷ് ശങ്കരാചാര്യ പീഠാദ്ധ്യക്ഷൻ വാസുദേവാനന്ദ് സരസ്വതി, സ്വാമി ഗോവിന്ദ് ദേവ് ഗിരി (പുണെ), സ്വാമി പരമാനന്ദ് (ഹരിദ്വാർ), അയോദ്ധ്യ രാജകുടുംബാംഗം വിമലേന്ദു മോഹൻ പ്രതാപ് മിശ്ര, ഡോ. അനിൽ മിശ്ര, കമലേശ്വർ ചൗപാൽ, നിർമോഹി അഖാഡ പ്രതിനിധി മഹന്ത് ധീരേന്ദ്ര ദാസ് തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്ര നിർമ്മാൺ സമിതി
രാമക്ഷേത്ര നിർമ്മാണ ചുമതലകൾക്കായി നിർമ്മാൺ സമിതി രൂപീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ നൃപേന്ദ്ര മിശ്രയ്ക്കാണ് ചുമതല.
സർക്കാർ ഏറ്റെടുത്ത 67.703 ഏക്കർ പൂർണമായി ഉപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം.
ഇതിൽ രാമജന്മഭൂമി ന്യാസിന്റെ 5 കോടിയോളം വില വരുന്ന വസ്തുവുമുണ്ട്. ഇത് ട്രസ്റ്റിന് കൈമാറും.
നേരത്തേ ശിലാന്യാസം നടത്തിയതിനാൽ വീണ്ടും ശിലാന്യാസമുണ്ടാകില്ല.
ആദ്യ സംഭാവന 10കോടി
രാമക്ഷേത്ര നിർമ്മാണത്തിനായി 10 കോടി സംഭാവന നൽകാനൊരുങ്ങി പാറ്റ്‌നയിലെ മഹാവീർ ക്ഷേത്ര ട്രസ്റ്റ്. ആദ്യഗഡുവായ രണ്ട് കോടിയുടെ ചെക്ക് ഇന്നലെ കൈമാറി. രാമക്ഷേത്രത്തിന്റെ ശ്രീ കോവിൽ സ്വർണത്തിൽ തീർക്കണമെന്നും ഇതിനുള്ള ചെലവ് മുഴുവനും വഹിക്കാൻ തയ്യാറാണെന്നും മഹാവീർ ട്രസ്റ്റ് അറിയിച്ചു.