ന്യൂഡൽഹി: സമരവേദി മാറ്റുന്നതിനെക്കുറിച്ച് ചർച്ചയ്ക്കെത്തിയ സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി സംഘത്തോട് അനുഭാവ നിലപാടെടുക്കാതെ ഷഹീൻബാഗിലെ പ്രതിഷേധക്കാർ. സംഘാംഗങ്ങളായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും ഇന്നലെ ഉച്ചയോടെ സമരപ്പന്തലിലെത്തി സമരക്കാരുമായി തുറന്ന ചർച്ച നടത്തി. എന്നാൽ പൗരത്വ നിയമ ഭേദഗതി പിൻവലിക്കാതെ പിൻമാറാൻ തയ്യാറല്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ചർച്ച ഇന്നും തുടരും. മാദ്ധ്യമങ്ങൾക്കു മുന്നിൽ വെച്ച് ചർച്ച വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും മദ്ധ്യസ്ഥസംഘം അത് സമ്മതിച്ചില്ല.
അഡ്വ. അമിത് സാഹ്നി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി മദ്ധ്യസ്ഥത വഹിക്കാൻ രണ്ട് അഭിഭാഷകരെ നിയോഗിച്ചത്. പ്രതിഷേധക്കാർ അനധികൃതമായി ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പൊതുറോഡ് തടസപ്പെടുത്തിയാണ് പ്രതിഷേധിക്കുന്നതെന്നും ഇത് യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്നുവെന്നുമാണ് ഹർജിക്കാരന്റെ വാദം. നോയിഡയിലേക്ക് ദിവസേന സഞ്ചരിക്കുന്നവർ ബദൽ മാർഗങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഷഹീൻബാഗിൽ നിന്നും കാളിന്ദി കുഞ്ജിലേക്കുള്ള റോഡിൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള പ്രദേശത്താണ് പ്രതിഷേധം നടക്കുന്നത്. നോയിഡ ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമാന്തരമായാണ് ഷഹീൻബാഗ് കാളിന്ദികുഞ്ജ് റോഡ്. ഫെബ്രുവരി 24നാണ് സുപ്രീം കോടതി അടുത്തതായി കേസിൽ വാദം കേൾക്കുന്നത്.
നമുക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്താം
'നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സുപ്രീം കോടതിയിൽ നിയമം ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. എന്നാൽ റോഡ് ഉപയോഗിക്കാനും കടകൾ തുറക്കാനും നമ്മളെപ്പോലെ മറ്റുള്ളവർക്കും അവകാശങ്ങളുണ്ട്. നിങ്ങൾ മറ്റുള്ളവരെ ചവിട്ടിമെതിക്കരുത് - സാധന രാമചന്ദ്രൻ പ്രതിഷേധക്കാരോട് പറഞ്ഞു.'ഞങ്ങൾക്ക് നിങ്ങളുടെ കേൾവിക്കാരാവുകയാണ് വേണ്ടത്. നമുക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്താം. ഞാനൊരു ഉദാഹരണമാണ് ഇന്ത്യയ്ക്കല്ല ലോകത്തിന് വേണ്ടി തന്നെ' ഞങ്ങൾ ഇവിടെ വന്നത് സുപ്രീം കോടതി ഉത്തരവ് അനുസരിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളോട് എല്ലാവരോടും സംസാരിക്കാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും സഹകരണത്തോടെ ഈ വിഷയം പരിഹരിക്കാമെന്നും കരുതുന്നു - സാധന കൂട്ടിച്ചേർത്തു. ചർച്ച വിജയമാണെന്നും ഇന്നും തുടരുമെന്നും സാധന പറഞ്ഞു.