ന്യൂഡൽഹി: കൃത്രിമ ഗർഭധാരണം അടക്കം പ്രത്യുത്പാദന സഹായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്താനും നിയമവിരുദ്ധ നടപടികൾ തടയാനും ലക്ഷ്യമിട്ടുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി.
'പ്രത്യുത്പാദന സഹായ സാങ്കേതിക വിദ്യാ നിയന്ത്രണ നിയമ നിർമ്മാണ ബില്ലിൽ" സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു.
കൃത്രിമ ഗർഭധാരണം, ഗർഭധാരണ ചികിത്സ, പ്രത്യുത്പാദന കോശങ്ങളുടെ സംഭാവന, വാടക ഗർഭധാരണം തുടങ്ങിയവ വ്യാപകമാണെങ്കിലും രാജ്യത്ത് പ്രത്യേക കീഴ്‌വഴക്കങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്.
പ്രധാന വ്യവസ്ഥകൾ:
ക്ളിനിക്കുകൾക്കും ബീജ, ഭ്രൂണ ദാന ബാങ്കുകൾക്കും ജോലി ചെയ്യുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും ചുമതലയുള്ള ദേശീയ ബോർഡ് രൂപീകരിക്കണം
നിയമം നിലവിൽ വന്ന് മൂന്നു മാസത്തിനകം സംസ്ഥാന തലത്തിൽ പ്രത്യേക ബോർഡുകളും സംസ്ഥാന അതോറിട്ടികളും രൂപീകരിക്കണം.
ലിംഗ നിർണയം, ഭ്രൂണക്കച്ചവടം, നിയമവിരുദ്ധമായ മറ്റ് നടപടികൾ എന്നിവയ്‌ക്ക് കടുത്ത ശിക്ഷ.
ഗർഭപാത്രം വാടകയ്‌ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട അധാർമ്മിക നടപടികൾക്ക് നിയന്ത്രണങ്ങൾ.
അമ്മയ്‌ക്കും കുഞ്ഞിനും നിയമ, അവകാശ സംരക്ഷണം.