ന്യൂഡൽഹി: മാർച്ച് മൂന്നിന് തൂക്കിക്കൊല്ലാൻ ശിക്ഷ വിധിക്കപ്പെട്ട നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ ജയിലിനുള്ളിലെ ചുമരിൽ സ്വയം തലയിടിപ്പിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ 16നാണ് സംഭവം.
കൃത്യസമയത്ത് ഇയാളെ പിടിച്ച് മാറ്റിയതിനാൽ സാരമായ പരിക്കേറ്റില്ലെന്ന് തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി.
സുപ്രീംകോടതി വധശിക്ഷാ തീയതി വിധിച്ച ദിവസം വിനയ് ശർമയുടെ അമ്മ കാണാനെത്തിയിരുന്നു. തുടർന്നാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. മാതാവിനെ തിരിച്ചറിയാത്ത പോലെയാണ് ഇയാൾ പെരുമാറിയതെന്നും റിപ്പോർട്ടുണ്ട്.
തൂക്കിലേറ്റപ്പെടുമെന്ന് ഉറപ്പായതോടെ പ്രതികൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജയിൽ അധികൃതർ പറയുന്നു. പലരും നിരാഹാരത്തിലാണ്. വധശിക്ഷ നീട്ടാനുള്ള പ്രതികളുടെ ശ്രമങ്ങളാണിതെന്നാണ് ജയിൽ അധികൃതരുടെ വാദം.
വിനയ് ശർമ കടുത്ത വിഷാദരോഗത്തിലാണെന്ന് അഭിഭാഷകൻ ഡൽഹി കോടതിയെ അറിയിച്ചിരുന്നു. ഇത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ഇയാൾക്ക് പ്രകടമായ മാനസികരോഗമില്ലെന്നാണ് ജയിൽ അധികൃതർ അറിയിച്ചത്.
വിനയ്‌ക്ക് വിഷാദരോഗമോ?
വിനയ്ശർമ കടുത്ത മാനസിക രോഗത്തിന് അടിമയാണെന്നും അതിനാലാണ് സ്വയം മുറിവേൽപ്പിക്കുന്നതെന്നും ഇന്നലെ ഇയാളുടെ അഭിഭാഷകൻ പട്യാല കോടതിയെ അറിയിച്ചു. ഇയാൾക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ജയിൽ അധികൃതരോട് പട്യാല കോടതി റിപ്പോർട്ട് തേടി. കേസ് 22ന് പരിഗണിക്കും.
ഡൽഹി സർക്കാരിനെതിരെ പ്രതികൾ
ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിനയ് ശർമ്മയുടെ അഭിഭാഷകനായ എ.പി. സിംഗ് ഡൽഹി സർക്കാരിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വിനയ്ശർമ്മയുടെ ദയാഹർജി തള്ളാൻ ഡൽഹി സർക്കാർ ശുപാർശ ചെയ്തത് ജനുവരി 30നാണ്. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കേജ്‌രിവാൾ മന്ത്രിയായിരുന്നില്ല- എ.പി. സിംഗ് പറയുന്നു.