melania

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സർക്കാർ സ്കൂളിലെ കുട്ടികൾ വലിയ സന്തോഷത്തിലാണ്. കാരണം അവരുടെ 'സന്തോഷം' പഠിക്കൽ കാണാനെത്തുന്നത് അമേരിക്കയുടെ പ്രഥമവനിതയാണ്. സാക്ഷാൽ മെലാനിയ ട്രംപ്.

25ന് ഡൽഹിയിലെത്തുന്ന ഡൊണാൾഡ് ട്രംപ് രാവിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ ഭാര്യ മെലാനിയ സ്‌കൂളിലെത്തും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രി മനീഷ് സിസോദിയയും അവരെ സ്വീകരിക്കും.

കുട്ടികളുടെ സമ്മർദ്ദം ഇല്ലാതാക്കാൻ ഡൽഹി സർക്കാർ ആവിഷ്‌കരിച്ച 'സന്തോഷം" പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കുകയാണ് മെലാനിയയുടെ ലക്ഷ്യം. സുരക്ഷ കണക്കിലെടുത്ത് പരിപാടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

2018ലാണ് ഒന്നു മുതൽ എട്ടുവരെയുള്ള ക്ളാസുകളിൽ 'സന്തോഷം" പഠിപ്പിക്കാൻ തുടങ്ങിയത്. ദിനവും 45 മിനിട്ട് ദൈർഘ്യമുള്ള സന്തോഷം പിരീഡിൽ കഥ പറച്ചിൽ, ധ്യാനം, ചോദ്യോത്തര വേള തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സമ്മർദ്ദം ഇല്ലാതാക്കും.