shaheen-bagh

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി നടത്തിയ രണ്ടാം ദിന ചർച്ചയും വിഫലം. സംഘാംഗങ്ങളായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും വൈകിട്ട് നാലോടെ ഷബീൻബാഗിലെത്തിയത്. മാദ്ധ്യമങ്ങളെ ഒഴിപ്പിച്ച ശേഷമാണിത്.

‘നിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെ ആവശ്യമില്ല. നിങ്ങളുടെ ആശങ്കകൾ അധികൃതർ മനസിലാക്കിയിരിക്കുന്നു. പ്രതിഷേധിക്കേണ്ടെന്ന് സുപ്രീംകോടതി പോലും പറയുന്നില്ല. പക്ഷേ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും വിധമുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാകില്ല. എന്ത് പ്രതിഷേധത്തിന്റെ പേരിലായാലും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്നത് അനുവദിക്കാനാവില്ലെന്നും' സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും പ്രതിഷേധക്കാരോട് പറഞ്ഞു.

വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുണ്ടായത്.

‘ഞങ്ങൾ ഇന്ത്യക്കാരല്ലെന്നാണ്" പ്രധാനമന്ത്രി പോലും പറയുന്നതെന്ന് പ്രതിഷേധക്കാർ ആഞ്ഞടിച്ചു.

ഒരുപാട് പ്രധാനമന്ത്രിമാരെ രാജ്യം കണ്ടിട്ടുണ്ടെന്നും അധികാരം രാജ്യത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിനാണ് നൽകുന്നതെന്നും മദ്ധ്യസ്ഥസമിതി പറഞ്ഞു. ചർച്ച ഒരുമണിക്കൂറോളം നീണ്ടിട്ടും ഫലം കാണാതെ വന്നതോടെ നാളെ ഷഹീൻ ബാഗിന് പുറത്ത് മറ്റൊരു സ്ഥലത്ത് ചർച്ച തുടരാമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.