shaheen-bagh

ന്യൂഡൽഹി: ഷഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് 69 ദീവസമായി അടച്ചിട്ട ഫരീദാബാദ് - നോയിഡ ഹൈവേയിലെ ഷഹീൻബാഗ് - കാളിന്ദ്കുഞ്ച് റോഡ് യു.പി പൊലീസ് തുറന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ മിനിറ്റുകൾക്കകം റോഡ് പൊലീസ് അടച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി കഴിഞ്ഞ കഴിഞ്ഞ രണ്ട് ദിവസമായി സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ട് ചർച്ച നടത്തുന്നതിനിടെയാണ് യു.പി പൊലീസിന്റെ നടപടി.
രണ്ട് കിലോ മീറ്റർ ദൈർഘ്യമുള്ളതാണ് ഷഹീൻബാഗ്-കാളിന്ദ്കുഞ്ച് റോഡ്. വാണിജ്യ സ്ഥാപനങ്ങളും വീടുകളും റസ്‌റ്റോറന്റുകളുമാണ് ഇവിടെയുള്ളത്. അറ്റ്‌ലാന്റ വാട്ടർ പാർക്കിലാണ് റോഡ് അവസാനിക്കുന്നത്. നോയിഡ ഗ്രേറ്റർ - നോയിഡ എക്‌സ്‌പ്രസ് ഹൈവേക്ക് സമാന്തരമായ പാതയാണിത്. എക്‌സ്‌പ്രസ് ഹൈവേയിൽ തിരക്കേറുമ്പോൾ പലരും ഈ പാതയാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.

അതേസമയം, സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി ഇന്നലെ നടത്തിയ രണ്ടാം ദിന ചർച്ചയും വിഫലമായിരുന്നു. സമിതി അംഗങ്ങളായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും ചർച്ചയ്ക്ക് പ്രതിഷേധക്കാരെ ഷഹീൻബാഗിന് പുറത്ത് സ്ഥലത്തേക്ക് ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.