epf-

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ കമ്മ്യൂട്ട് ചെയ്‌തവരിൽ നിന്ന് ആജീവനാന്തം തുക പിടിക്കുന്നത് നിറുത്തലാക്കി എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഉത്തവിറക്കി. 2008 സെപ്‌റ്റംബർ 25ന് മുമ്പ് പെൻഷൻ കമ്മ്യൂട്ട് ചെയ്തവരുടെ പെൻഷനിൽ നിന്ന് കുറവ് ചെയ്തിരുന്ന തുക 15 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുനഃസ്ഥാപിക്കും. 2004 സെപ്റ്റംബർ 25 ന് മുമ്പ് കമ്മ്യൂട്ട് ചെയ്തവർക്ക് ഉടൻ മുഴുവൻ തുക ലഭിക്കും

കമ്മ്യൂട്ടേഷന്റെ പേരിൽ പണം പിടിക്കുന്നത് അവസാനിപ്പിക്കുന്നതിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് 65 ലക്ഷത്തോളം വരുന്ന ഇ.പി.എഫ് പെൻഷൻകാർക്ക് ഗുണമായത്. കമ്മ്യൂട്ട് ചെയ്ത തുക ഈടാക്കികഴിഞ്ഞാൽ പൂർണ്ണ പെൻഷൻ പുനഃസ്ഥാപിക്കാനും, മിനിമം പെൻഷൻ വർദ്ധിപ്പിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ലോക്‌സഭയിൽ പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ ഭരണ, പ്രതിപക്ഷ ഭേദമന്യേ സ്വാഗതം ചെയ്‌തിരുന്നു. ഒരാഴ്ച 27 അംഗങ്ങൾ ചർച്ച ചെയ്ത് സഭാ ചരിത്രത്തിൽ ഇടം നേടിയ പ്രമേയത്തിന്മേലുള്ള ചർച്ചയ്‌ക്കു ശേഷം തൊഴിൽ വകുപ്പ് അഡീഷണൽ സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. പ്രേമചന്ദ്രനുമായി ചർച്ച

ചെയ്ത ശേഷമേ അന്തിമ റിപ്പോർട്ട് തയ്യാറാക്കാവൂയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സമഗ്രമായ പഠനത്തിന് ശേഷം കമ്മിറ്റി ശുപാർശ സമർപ്പിച്ചെങ്കിലും നടപ്പാക്കാൻ വൈകുന്നത് എം.പി വീണ്ടും സഭയിൽ ഉന്നയിച്ചു. തുടർന്ന്,ആഗസ്റ്റിൽ ചേർന്ന, തൊഴിൽമന്ത്രി ചെയർമാനായ ഇ.പി.എഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി യോഗം കമ്മ്യൂട്ടേഷൻ തുക 15 വർഷം കഴിയുമ്പോൾ പെൻഷനിൽ പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തെങ്കിലും വിജ്ഞാപനം ഇറങ്ങാൻ വൈകി. കഴിഞ്ഞ ബഡ്‌ജറ്റ് സമ്മേളനത്തിൽ പ്രേമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറങ്ങിയത് .