ന്യൂഡൽഹി: അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ സുപ്രീംകോടതി നിർദ്ദേശ പ്രകാരം ലഭിച്ച 5 ഏക്കർ ഭൂമി സ്വീകരിച്ചതായി യു.പി സെൻട്രൽ സുന്നി വഖഫ് ബോർഡ് അറിയിച്ചു. മുസ്ളിം വ്യക്തി നിയമ ബോർഡിന്റെ എതിർപ്പ് അവഗണിച്ചാണ് വഖഫ് ബോർഡ് തീരുമാനം.
'സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നു. ഈ ഭൂമി എങ്ങനെ ഉപയോഗിക്കണമെന്ന് തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനിക്കും."- വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു.
'യു.പി സർക്കാർ ഭൂമി കണ്ടെത്തി ഞങ്ങൾക്ക് കൈമാറണമെന്നാണ് നവംബർ ഒമ്പതിന്റെ സുപ്രീംകോടതി വിധി. ഭൂമി സ്വീകരിക്കാതിരിക്കാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകും. അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് റിവ്യൂ ഹർജി നൽകാതിരുന്നത്. അതിനാൽ ഭൂമി സ്വീകരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ആ ഭൂമിയിൽ പള്ളിയും മറ്റു സൗകര്യങ്ങളും നിർമ്മിക്കുന്നതിന് ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്." ഫാറൂഖി പറഞ്ഞു.
അയോദ്ധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രത്തിനും, പകരം പള്ളി നിർമ്മിക്കാൻ സുന്നിവഖഫ് ബോർഡിന് അയോദ്ധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി നൽകാനും കഴിഞ്ഞവർഷം നവംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് ഫെബ്രുവരി അഞ്ചിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സുന്നി വഫഖ് ബോർഡിന് അഞ്ചേക്കർ സ്ഥലം യു.പി സർക്കാർ അനുവദിച്ചു. അയോദ്ധ്യ ജില്ലാ തലസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ അകലെ ലക്‌നൗ ദേശീയപാതയിൽ സൊഹവാൾ താലൂക്കിലെ ധന്നിപുർ ഗ്രാമത്തിലാണ് സ്ഥലം. ഭൂമി സ്വീകരിക്കരുതെന്ന് ഒരുവിഭാഗം മുസ്ളിം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.