arif-muhammed-khan

ന്യൂഡൽഹി: ജനാധിപത്യത്തിൽ വിയോജിപ്പ് ഒഴിവാക്കാൻ കഴിയാത്തതാണെങ്കിലും സ്വന്തം അഭിപ്രായം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഭൂഷണമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാൻ സാധാരണക്കാരുടെ ജീവിതം തടസപ്പെടുത്തുന്നത് ഒരുതരം തീവ്രവാദമാണെന്നും പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാദിൽ നടക്കുന്ന പ്രതിഷേധസമരത്തെ പരോക്ഷമായി സൂചിപ്പിച്ച് ഗവർണർ ചൂണ്ടിക്കാട്ടി. ഡൽഹി വിജ്ഞാൻഭവനിൽ നടക്കുന്ന വിദ്യാർത്ഥി പാർലമെന്റിൽ 'തീവ്രവാദം, നക്സലിസം: കാരണങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം നിലപാടുകൾ പ്രകാരം തീരുമാനമെടുക്കും വരെ ഒരു സ്ഥലത്തു നിന്ന് മാറില്ലെന്ന് പറയുന്നത് ഒരു തരം തീവ്രവാദമാണ്. കേരളത്തിൽ നടന്ന ചരിത്ര കോൺഗ്രസിലും ഇതു തന്നെയാണ് കണ്ടത്. നേരത്തെ നിശ്‌ചയിച്ച പട്ടികയിൽ ഇല്ലാത്ത ചിലർ പ്രസംഗം തടസപ്പെടുത്തി മൈക്ക് തട്ടിയെടുത്ത് ചോദ്യങ്ങൾ ചോദിച്ചു. മറുപടി നൽകാൻ അവർ അവസരം നൽകിയതുമില്ല. മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് നാം തിരിച്ചറിയണം. അവരുടെ അവകാശങ്ങളെ ബഹുമാനിക്കാനും പഠിക്കണം- ഗവർണർ പറഞ്ഞു.