gold-stone-

ന്യൂഡൽഹി: ബോക്സൈറ്റ്, ലൈംസ്റ്റോൺ, കൽക്കരി തുടങ്ങി പൊന്നുവിളയുന്ന മണ്ണ്.. ഏഴ് വൈദ്യുതോർജ നിലയങ്ങൾ.. രാജ്യത്തിന്റെ ഊ‌ർജ തലസ്ഥാനമെന്ന് പേരും. പക്ഷേ ഇതിന്റെയെല്ലാം അധിപരായി ഏതാനും ഖനി മുതലാളിമാരും അവരെ സംരക്ഷിക്കുന്ന മാവോയിസ്റ്റുകളും. പരമ ദരിദ്രരായ ഗ്രാമീണ ജനതയുടെ ദുരിത ജീവിതം മറുവശം. വിദ്യാഭ്യാസമോ തൊഴിലോ ഇല്ല. ശിശുമരണം നിത്യ സംഭവം... ഇതാണ് 12 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണം ഉള്ളിലൊളിപ്പിച്ച സോൻഭദ്ര.

ഉത്ത‌ർപ്രദേശിലെ തെക്ക് കിഴക്കൻ ജില്ലയായ സോൻഭദ്രയ്ക്ക് നാലു സംസ്ഥാനങ്ങളുമായി (മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്‌, ബീഹാർ) അതിർത്തി പങ്കിടുന്നുവെന്ന അപൂർവതയുമുണ്ട്. ഉത്തർപ്രദേശിലെ രണ്ടാമത്തെ വലിയ ജില്ലയും. എന്നാൽ ഈ വലിപ്പവും സ്ഥാനവുമൊന്നും ഗ്രാമീണരുടെ ജീവിത നിലവാരം ഉയർത്തിയില്ല. ജില്ലയിൽ നല്ലൊരു ഭാഗം ഗ്രാമങ്ങളും ഉഷ്ണ വനമേഖലയാണ്. ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെടുന്ന ഗ്രാമീണർ വനോത്പന്നങ്ങളും കൃഷിയും ഖനികളിലെ തുച്ഛമായ കൂലിയും കൊണ്ടാണ് ജീവിക്കുന്നത്.

ഇന്ത്യയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറെയുള്ള ചുവന്ന ഇടനാഴിയിൽപ്പെടുന്ന (റെഡ് കോറിഡോർ) ഉത്തർപ്രദേശിലെ മൂന്ന് ജില്ലകളിൽ ഒന്നാണ് സോൻഭദ്ര. മിർസാപ്പൂർ, ചണ്ടൗലി എന്നിവയാണ് മറ്റ് ജില്ലകൾ. 2004ൽ പട്ടാളവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടുകളും ഒരു ജവാൻ കൊല്ലപ്പെടുകയുമുണ്ടായി. കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ സ്ഥിതികൾ നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ ഖനി മുതലാളികളുടെ രക്ഷകരായി മാവോയിസ്റ്റുകൾ വിലസുന്നുവെന്നതാണ് യാഥാർത്ഥ്യം.

ജില്ലയിൽ വൻ സ്വർണ നിക്ഷേപമുണ്ടെന്ന് 2005ൽ കണ്ടെത്തിയിട്ടും ജിയോളജിക്കൽ സ‌ർവേ ഒഫ് ഇന്ത്യയ്ക്ക് ഇവിടെ കാര്യമായ ഗവേഷണം നടത്താൻ എട്ടു വർഷത്തോളം കാത്തിരിക്കേണ്ടി വന്നതിന് ഒരു കാരണം മാവോയിസ്റ്റ് ഭീഷണിയാണ്.

പേരിന് പിന്നിൽ

ഗംഗയുടെ പോഷക നദികളിൽ ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കാത്ത സോൺ നദിയുടെ കരയിലാണ് സോൻഭദ്ര. പേരിന് പിന്നിലെ കാരണവും സോൺ നദി തന്നെ. ആദിമ മനുഷ്യന്റെ ചരിത്രം ഈ പ്രദേശവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചരിത്രകാരന്മാ‌ർ പറയുന്നു. ജില്ലയിലെ നൂറ് കണക്കിന് ഗുഹാ ചിത്രങ്ങളാണ് ഇതിനാധാരം. ഇവിടം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.