sheethal

ന്യൂഡൽഹി: ഇതരമതസ്ഥനായ അയൽവാസിയെ പ്രണയിച്ച് രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കൊന്നു. ഡൽഹി ന്യൂഅശോക് നഗർ നിവാസിയായ ശീതളിനെയാണ് (25) മാതാപിതാക്കൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അലിഗഡിലെ ഒരു കനാലിൽ ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്

മാതാപിതാക്കളായ രവീന്ദ്ര സുമൻ, അമ്മാവൻമാരായ സഞ്ജയ്, ഓം പ്രകാശ്, ബന്ധുക്കളായ പർവേശ്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശീതളും അയൽക്കാരനായ അങ്കിത് ഭതിയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഈസ്റ്റ് ഡൽഹിയിലെ ആര്യസമാജം ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. ജനുവരിയിൽ ഇക്കാര്യം ശീതളിന്റെ വീട്ടുകാർ അറിഞ്ഞു. വിവാഹബന്ധം വേർപെടുത്താൻ വീട്ടുകാർ ആവശ്യപ്പെട്ടു. യുവതി വഴങ്ങിയില്ല.

തുടർന്ന് ജനുവരി 30ന് അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും ചേർന്ന് ശീതളിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം അലിഗഡിലെത്തിച്ച് ഒരു കനാലിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അന്വേഷിച്ച് എത്താത്തതിനെത്തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചു.

കഴിഞ്ഞ 18ന് അങ്കിത് ശീതളിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിലെ ദുരഭിമാനക്കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്.