ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്നുച്ചയ്ക്ക്12 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.ഭാര്യ മെലാന ,മകൾ ഇവാൻക,മരുമകൻ ജറേഡ്കൂഷ്നർ,ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ കോമേഴ്സ് സെക്രട്ടറി വിൽബർ റോസ് തുടങ്ങിയവർ ട്രംപിനൊപ്പമുണ്ടാവും.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. സബർമതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരമർപ്പിക്കും. 12.30 മോട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. തിങ്കളാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും. തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്. രാത്രി രാഷ്ട്രപതിഭവനിലെ വിരുന്നിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങും.
'ഹാപ്പിനെസ് ക്ലാസുകളെ' കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ ഡൽഹിയിലെ സ്കൂൾ സന്ദർശിക്കും. ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഒഴിവാക്കിയതായി ആംആദ്മിപാർട്ടി ആരോപിച്ചിട്ടുണ്ട്.
ഡൽഹിയിൽ
കനത്തസുരക്ഷ
ഡൽഹിയിൽ അതീവ ജാഗ്രതയോടയുള്ള കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഡൽഹി പൊലീസിനെ കൂടാതെ ഷൂട്ടിംഗ് വിദഗ്ധരായ എൻ.എസ്.ജി കമാൻഡോകളെയും 40 ഓളം കമ്പനി അർദ്ധസൈനികരെയും വിനിയോഗിച്ചിട്ടുണ്ട്.
ഡ്രോണുകളും പട്ടങ്ങളും പറപ്പിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ ട്രംപ് താമസിക്കുന്ന ഐ.ടി.സി മൗര്യ ഹോട്ടലിന് സമീപം കൂടുതൽ സി.ടി.വികാമറകൾ സ്ഥാപിച്ചു. വ്യോമസേനയുടെ ആകാശ നിരീക്ഷണവുമുണ്ടാകും. ഹോട്ടലിൽ ഡൽഹി പൊലീസിനൊപ്പം യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും.ലോബിയിലും പാർക്കിംഗ് ഏരിയയിലുമായാണ് രണ്ടാം സേനാവലയം. ഹോട്ടലിന് പുറത്ത് സേനാംഗങ്ങളെയും നിയോഗിച്ചു. ട്രംപും സംഘവും സഞ്ചരിക്കുന്ന റോഡുകളും കനത്ത സുരക്ഷാവലയത്തിലാകും. പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.യു.എസ്.സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി സുരക്ഷ വിലയിരുത്തി.
ട്രംപിനെ വരവേൽക്കാൻ
ഒരുങ്ങി അഹമ്മദാബാദ്
നഗരം കനത്ത സുരക്ഷയിൽ
അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാനൊരുങ്ങി അഹമ്മദാബാദ് നഗരം. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നെത്തുന്ന ട്രംപിന് വൻ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.എൻ.എസ്.ജി കമാൻഡോകൾക്കും പ്രത്യേക സുരക്ഷാ വിഭാഗത്തിനും യു.എസ് രഹസ്യപ്പൊലീസ് വിഭാഗത്തിനും പുറമെ പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും റാപിഡ് ആക്ഷൻ ഫോഴ്സ്, റിസർവ് പൊലീസ്, ചേതക് കമാൻഡോ, ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്.
യു.എസ് സുരക്ഷാ- രഹസ്യാന്വേഷണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ദിവസങ്ങൾക്കു മുമ്പു മുതൽ നഗരത്തിലുണ്ട്. ട്രംപ് റോഡ് മാർഗം സഞ്ചരിക്കുന്ന പാതകൾക്കു സമീപം ഡ്രോണുകൾക്ക് അനുവാദമില്ല. അത്തരം ഡ്രോണുകൾ നിർവീര്യമാക്കാനുള്ള സാങ്കേതികവിദ്യയും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിൽ ഉച്ചയ്ക്ക് 12 ന് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റർ റോഡ് ഷോയിൽ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർ റോഡ് ഷോയ്ക്ക് സാക്ഷ്യം വഹിക്കും. സബർമതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ട്രംപ് മൊട്ടേര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദിക്കൊപ്പം നമസ്തെ ട്രംപ് പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത്, താജ്മഹൽ സന്ദർശനത്തിനായി വിമാനമാർഗ്ഗം ആഗ്രയിലേക്ക്.
ട്രംപിന് മോദിയുടെ
'വെൽക്കം ട്വീറ്റ്'
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യയിലേക്ക് സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. 'അഹമ്മദാബാദിൽ ആരംഭിക്കുന്ന ചരിത്രപരമായ പരിപാടിയിലൂടെ നാളെ അദ്ദേഹം ഒപ്പമുണ്ടാകുമെന്നത് നമുക്ക് അഭിമാനമാണ്.' മോദി ട്വീറ്റ് ചെയ്തു. ട്രംപിന്റെ ഒൗദ്യോഗിക -സ്വകാര്യ ടിറ്റ്വർ അക്കൗണ്ടുകൾ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്. ട്രംപിനെ സ്വാഗതം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വീറ്റ് ചെയ്ത വീഡിയോയും മോദി പങ്കുവച്ചിട്ടുണ്ട്.