ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീൻബാഗിലെ ഗതാഗത കുരുക്കിന് കാരണം സമീപത്തെ റോഡുകൾ പൊലീസ് അനാവശ്യമായി അടച്ചതുകൊണ്ടാണെന്ന് സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി അംഗവും മുൻ മുഖ്യവിവരാവകാശ കമ്മിഷണറുമായ വജഹത്ത് ഹബീബുള്ള സത്യവാങ് മൂലം നൽകി.
ഗതാഗതം നിയന്ത്രിക്കുന്നതിന് പകരം പ്രതിഷേധവേദിയിൽ നിന്ന് ഏറെ അകലെയുള്ള പ്രധാന റോഡും മറ്റ് സമാന്തര റോഡുകളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ഇതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നും റോഡുകൾ അടയ്ക്കാൻ നിർദ്ദേശിച്ചതാരെന്ന് പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാമിയ, ന്യൂ ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡ്, കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷൻ റോഡ്, ഓഖ്ല, നോയിഡ എക്സ്പ്രസ് വേയിലേക്കും യമുനാ ബ്രിഡ്ജ് വഴി അക്ഷർധാം ക്ഷേത്രത്തിലേക്കുമുള്ള വഴികളിലും പൊലീസ് തടസമുണ്ടാക്കി.
രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന വിഷയത്തിൽ ക്രിയാത്മക ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറായിട്ടില്ല. പ്രതിഷേധക്കാരെ കേൾക്കാതെ വിയോജിപ്പുകൾ അടിച്ചമർത്തുന്നത് പുതിയ നിയമമായിട്ടുണ്ട്. ഇത് ഭരണഘടനാവിരുദ്ധമാണ്. പ്രായമായവർ ഉൾപ്പെടെയുള്ള സ്ത്രീകൾ സമാധാനപരമായാണ് പ്രതിഷേധം നടത്തുന്നത്. ഇതിനെതിരെ ഷഹീൻബാഗിലെ കടക്കാരോ താമസക്കാരോ രംഗത്തുവന്നിട്ടില്ല.
അടിയന്തര സർവീസുകൾക്ക് കടന്നുപോകാൻ വഴിയൊരുക്കിയിട്ടുണ്ട്. സി.എ.എ, എൻ.ആർ.സി എന്നിവ അവരുടെ അതിജീവനത്തിനും ഭാവി തലമുറയ്ക്കും ഭീഷണിയായാണ് പ്രതിഷേധക്കാർ കാണുന്നത്. വെടിവയ്പ് അടക്കമുള്ള നേരിട്ടുള്ള ആക്രമണവും ഇവർ നേരിടുന്നു. ദേശദ്രോഹികളെന്നും പാകിസ്ഥാനികളെന്നും തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നതിൽ പ്രതിഷേധക്കാർക്ക് വേദനയുണ്ടെന്നും വജാഹത്ത് ഹബീബുള്ള ചൂണ്ടിക്കാട്ടി.
റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന സമരക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയും അഭിഭാഷക സാധന രാമചന്ദ്രനും ഇന്ന് സത്യവാങ്മൂലം നൽകിയേക്കും.