ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളം മുതൽ സബർമതി വരെയും അവിടെ നിന്ന് മൊട്ടേരാ ക്രിക്കറ്റ് സ്റ്റേഡിയംവരെയും റോഡ്മാർഗം സഞ്ചരിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളും അവരുടെ നീക്കവും ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ തക്ക ആധുനിക സംവിധാനങ്ങൾ അടങ്ങിയതാണ്.
പ്രസിഡന്റിന്റെ വാഹനം:
ബീസ്‌റ്റ്: ലിമോസിൻ വിഭാഗത്തിലെ കാഡിലാക് കാർ(ലിമോസിൻ: നീളത്തിലുള്ള പ്രത്യേക തരം കാർ. ഡ്രൈവർ ഇരിക്കുന്ന മുൻഭാഗവും യാത്രക്കാർ ഇരിക്കുന്ന ഭാഗവും വേർതിരിച്ചിരിക്കും)
-രഹസ്യകോഡ്: സ്‌റ്റേജ്കോച്ച്
-അഞ്ച് നിരകളുള്ള ഗ്ളാസും പോളികാർബണേറ്റും ഉപയോഗിച്ച് നിർമ്മിച്ച ജനാലകൾ രാസായുധങ്ങളും മിസൈൽ ആക്രമണങ്ങളും ചെറുക്കും. മൊത്തത്തിൽ ബുള്ളറ്റ്പ്രൂഫ്.
- ജെയിംസ് ബോണ്ട്സിനിമകളിലേതു പോലെ വിവിധ ഭാഗങ്ങളിലേക്ക് വെടിയുതിർക്കാൻ കഴിയും വിധം ഒളിപ്പിച്ച തോക്കുകൾ. മുന്നിൽ ഗ്രനേഡ് ലോഞ്ചറും കണ്ണീർവാതക ഷെല്ലുകൾ തൊടുക്കാനുള്ള തോക്കുകളും. രാത്രികാഴ്ചയ്‌ക്കുള്ള പ്രത്യേക ഗ്ളാസ് കൊണ്ട് നിർമ്മിച്ച വിൻഡ് ഷീൽഡ്.
-വൈറ്റ്ഹൗസുമായും വാഹനവ്യൂഹത്തിലെ കൺട്രോൾ ടവർ വാഹനവ്യൂഹവുമായി ഹോട്ട്‌ലൈൻ ബന്ധമുള്ള ഡ്രൈവർ കാബിൻ. അടിയന്തര ഘട്ടങ്ങളിൽ 180 ഡിഗ്രയിൽ വെട്ടിത്തിരിക്കും.
-പ്രസിഡന്റിന്റെ കാബിനിൽ വൈറ്റ്ഹൗസുമായും യു.എസ് വൈസ് പ്രസിഡന്റുമായും ബന്ധിപ്പിച്ച സാറ്റലൈറ്റ് ഫോൺ.
-ഇടിയുടെ ആഘാതവും വെടിയുണ്ടയും ചെറുക്കാൻ ശേഷിയുള്ള ഇന്ധന ടാങ്ക്
-പഞ്ചർ ആകാത്ത ടയറുകൾ, ബോയിംഗ് 747 വിമാനത്തിലേതുപോലെ കനമുള്ള വാതിലുകൾ
-വാഹനവ്യൂഹത്തിൽ ബീസ്‌റ്റിന്റെ സ്ഥാനം സുരക്ഷാകാരണങ്ങളാൽ മാറ്റിക്കൊണ്ടിരിക്കും.
അകമ്പടി വാഹനങ്ങൾ
റൂട്ട്‌കാർ: ഏറ്റവുംമുന്നിൽ വഴികാട്ടിയായി സഞ്ചരിക്കുന്ന പൈലറ്റ് വാഹനം.
ഹസ്മത്ത് ട്രക്ക്: ആണവ, രാസായുധ, ജൈവ ആക്രമണങ്ങൾ മുൻകൂട്ടി കണ്ടെത്താനും ചെറുക്കാനുംകഴിവുള്ള ആധുനിക സുരക്ഷാ സന്നാഹങ്ങൾ അടങ്ങിയ വാഹനം
റോഡ് റണ്ണർ: ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ സജ്ജീകരിച്ച പരിഷ്‌കരിച്ച എസ്.യു.വി വാഹനം. പ്രസിഡന്റിനെയും വൈറ്റ്ഹൗസിനെയും ബന്ധിപ്പിക്കുന്നു.
വാച്ച്ടവർ: ജാമറുകൾ ഘടിപ്പിച്ച വാൻ. ആന്റിനകളും സിഗ്‌നൽ ടവറുകളും സ്ഥാപിച്ചിരിക്കുന്നു. ബോംബ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഡിറ്റനേറ്ററുകളെ നിർവ്വീര്യമാക്കും.
സപ്പോർട്ട് വാഹനങ്ങൾ: ഡോക്ടർമാർ, സെക്രട്ടറിമാർ, പ്രതിനിധി സംഘം, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കുള്ളത്.
ഹാക്കി റെനഗേഡ്: ഏത് ആക്രമണവും നേരിടാൻ സന്നദ്ധരായ കമ്മാൻഡോകളുടെ വാഹനം.
ഹാഫ്ബാക്ക്: പ്രസിഡന്റിന്റെ വാഹനത്തിന് ചുറ്റും സംരക്ഷണ കവചം തീർക്കുന്ന സീക്രട്ട് സർവ്വീസ് വിഭാഗത്തിന്റെ വാഹനം