caa-protest

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശന ദിവസം തന്നെ വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നടന്ന വൻ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. കല്ലേറിൽ പരിക്കേറ്റ ഗോകുൽപുരി അസി.കമ്മിഷണർ ഓഫീസിലെ ഹെഡ്കോൺസ്റ്റബിൾ രത്തൻലാലും പ്രതിഷേധത്തിൽ പങ്കെടുത്ത് മൂന്നുനാട്ടുകാരുമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഡി.സി.പി അമിത് ശർമ്മ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആഗ്രയിൽ താജ്മഹൽ സന്ദർശിച്ച് ട്രംപ് ഡൽഹിയിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് സംഘർഷമുണ്ടായത്.

നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി.

കാറുകൾക്കും കടകൾക്കും വീടുകൾക്കും തീവച്ചു. ഭജൻപുരയിൽ പെട്രോൾ പമ്പിന് തീയിട്ടു. അഗ്നിശമനസേനയുടെ വാഹനവും കത്തിച്ചു. വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു.

ജഫ്രാബാദ്, മൊജ്പുർ എന്നിവിടങ്ങളിൽ ഞായറാഴ്ച ആരംഭിച്ച സംഘർഷം ഇന്നലെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു. മേഖലയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദ്, മൊജ്പുർ -ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ മെട്രോസ്റ്റേഷനുകൾ അടച്ചു. സംഘർഷ മേഖലകളിൽ അർദ്ധസൈനികർ ഉൾപ്പെടെ ക്യാമ്പുചെയ്യുന്നുണ്ട്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ബന്ത് ആഹ്വാനം ഏറ്റെടുത്ത് ഞായറാഴ്ച പുലർച്ചെ ജഫ്രാബാദ് മെട്രോസ്റ്റേഷന് മുന്നിൽ 66--ാം നമ്പർ റോഡിൽ ഷഹീൻബാഗ് മാതൃകയിൽ സ്ത്രീകൾ പ്രതിഷേധം തുടങ്ങുകയായിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും സ്ഥിതി നിയന്ത്രണ വിധേയമാക്കിയെങ്കിലും വിവിധ പ്രദേശങ്ങളിലായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഒരുവിഭാഗം ജയ്‌ ശ്രീറാം വിളികളോടെ ആക്രമണം അഴിച്ചുവിടുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ട്രംപ് ഡൽഹിയിലുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് കേന്ദ്രം സംഭവവികാസങ്ങളെ കാണുന്നത്. ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായിക്കിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ക്രമസമാധാനം നിലനിറുത്താൻ ഇടപെടണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. സംഘർഷത്തെ രാഹുൽ ഗാന്ധി അപലപിച്ചു.

ഡൽഹി സംഘർഷം: യോഗം വിളിച്ച് അമിത് ഷാ

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ട്രംപ് ഡൽഹിയിൽ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായാണ് അമിത് ഷാ നേരിട്ട് ഏകോപനം ഏറ്റെടുത്തത്. ട്രംപ് എത്രയും വേഗം ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഷാ നിർദ്ദേശം നൽകി. യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ, ഡൽഹി പൊലീസ് കമ്മീഷ്ണർ അമൂല്യ പട്നായിക് എന്നിവർ പങ്കെടുത്തു.

ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്. (ഇൻസെറ്റിൽ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻലാൽ)

.