ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവരുമായി നടന്ന മദ്ധ്യസ്ഥ ചർച്ചാ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. മദ്ധ്യസ്ഥ സമിതിയെ നിയോഗിച്ച ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചിലാണ് സമിതി അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഗ്‌ഡെ എന്നിവർ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിഷേധക്കാരുമായി നാല് തവണ സംഘം ചർച്ച നടത്തിയിരുന്നു. മദ്ധ്യസ്ഥത വഹിക്കാൻ കഴിഞ്ഞത് മികച്ച അവസരമായിരുന്നുവെന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനായെന്നും സാധന രാമചന്ദ്രൻ കോടതിയെ അറിയിച്ചു. റിപ്പോർട്ട് പഠിച്ചശേഷം രണ്ട് ദിവസത്തിനുള്ളിൽ ഷഹീൻബാഗ് റോഡ് ഉപരോധത്തിന് എതിരായ ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി നൽകാൻ വിസമ്മതിച്ചു. കാര്യങ്ങളിൽ കോടതിക്ക് വ്യക്തത വരുത്താനാണ് മദ്ധ്യസ്ഥ സമിതിയെ നിയോഗിച്ചതെന്നും റിപ്പോർട്ട് അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നും ബെഞ്ച് പറഞ്ഞു. കേസ് 26ന് പരിഗണിക്കും.
ബി.ജെ.പി നേതാവ് നന്ദ കിഷോർ ഗാർഗും അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം വഴിതടസപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. മദ്ധ്യസ്ഥ സംഘത്തിലെ മറ്റൊരു അംഗമായ വജാഹത്ത് ഹബീബുള്ള കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും ഷഹീൻ ബാഗിനോട് ചേർന്ന അഞ്ച് സമാന്തര റോഡുകൾ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നുമായിരുന്നു ഹബീബുള്ളയുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം സമരപ്പന്തലിനോട് ചേർന്ന ഒമ്പതാം നമ്പർ കാളിന്ദി കുഞ്ച് - നോയിഡ റോഡ് സമരക്കാർ തുറന്നുകൊടുത്തിരുന്നു.