ന്യൂഡൽഹി: പൗരത്വഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷം തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലെത്തി. ഇന്ന് രാവിലെ 11.30ന് ഹൈദരാബാദ് ഹൗസിൽ മോദി - ട്രംപ് കൂടിക്കാഴ്ച നടക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കും. ഇതിനുശേഷം ഇരുവരും സംയുക്ത വാർത്താസമ്മേളനം നടത്തും.
താജ്മഹൽ സന്ദർശിച്ച ശേഷം ഭാര്യ മെലാനിയ ട്രംപ്, മകളും ഉപദേശകയുമായ ഇവാൻക, മരുമകൻ ജെറാഡ് കുഷ്നർ തുടങ്ങിയവരടങ്ങിയ സംഘം 7.30നാണ് ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്രംപിനെ സ്വീകരിച്ചു. തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലായ ഐ.ടി.സി മൗര്യയിലേക്ക് ട്രംപും സംഘവും പോയി.
രാവിലെ രാഷ്ട്രപതിഭവനിൽ ഔപചാരിക ബഹുമതികളോടെ ട്രംപിനെ സ്വീകരിക്കും. മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ട്രംപ് ആദരമർപ്പിക്കും. തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, ഡൽഹി സ്കൂളിലെ 'ഹാപ്പിനെസ് ക്ലാസുകളെ' കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ സ്‌കൂൾ സന്ദർശിക്കും. രാത്രി രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്നിൽ പങ്കെടുത്തശേഷം 10 മണിയോടെ ട്രംപും സംഘവും മടങ്ങും.
അത്താഴവിരുന്ന് ക്ഷണം
നിരസിച്ച് കോൺഗ്രസ്
രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചു. ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർ വിരുന്നിൽ പങ്കെടുക്കില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായ സോണിയാ ഗാന്ധിയെ ക്ഷണിക്കാത്തത് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ
അതീവ സുരക്ഷ
ട്രംപ് താമസിക്കുന്ന മൗര്യ ഹോട്ടലിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. എൻ.എസ്.ജി കമാൻഡോകൾ, ഡൽഹി പൊലീസിന്റെ സ്വാത്ത് കമാൻഡോകൾ, സ്നൈപ്പേഴ്സ്, കൈറ്റ് കാച്ചേഴ്സ് തുടങ്ങിയവർ ഹോട്ടലിനകത്തും പുറത്തും ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. 40 കമ്പനി അർദ്ധസൈനികരെയും ട്രംപിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.